കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപിടിത്തവുമായി ബന്ധപ്പെട്ട് 100 കോടി പിഴ ചുമത്തിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ കൊച്ചി കോര്‍പറേഷന്‍ അപ്പീല്‍ നല്‍കും.
മേയര്‍ എം. അനില്‍ കുമാറാണ് ഇക്കാര്യമറിയിച്ചത്. കോര്‍പറേഷന്‍റെ ഭാഗം കേള്‍ക്കാതെയാണ് ഹരിത ട്രൈബ്യൂണല്‍ പിഴ അടക്കാന്‍ ഉത്തരവിട്ടത്. നഷ്ടം കണക്കാക്കാതെയാണ് പിഴ ചുമത്തിയതെന്നും മേയര്‍ വ്യക്തമാക്കി.
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപിടിത്തവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിക്ക് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാറിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണലും (എന്‍.ജി.ടി) രൂക്ഷ വിമര്‍ശനം നടത്തിയത്. ബ്രഹ്മപുരം പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണെന്നും പ്രശ്നങ്ങള്‍ക്ക് കാരണം മോശം ഭരണമാണെന്നും കുറ്റപ്പെടുത്തിയ എ.കെ. ഗോയലിന്‍റെ അധ്യക്ഷതയിലുള്ള ട്രൈബ്യൂണല്‍ ബെഞ്ച്, ആവശ്യമായി വന്നാല്‍ 500 കോടി രൂപ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നല്‍കിയ വിശദീകരണത്തില്‍ തൃപ്തരാകാതിരുന്ന ബെഞ്ച് പരിസ്ഥിതി നഷ്ടപരിഹാരമായി 500 കോടി രൂപ വരെ പിഴ ചുമത്താന്‍ അര്‍ഹമായ വിഷയമാണിതെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഹൈകോടതി ഉത്തരവിന് കടകവിരുദ്ധമായ ഇടപെടലുകള്‍ തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.