കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റിക്കെതിരെ കേസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപത്തിന് ആഹ്വാനംചെയ്തെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയായിരുന്നു പോസ്റ്റ്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപാഹ്വാനം നടത്തിയെന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. അതേസമയം കേസെടുത്തതില്‍ പ്രതികരണവുമായി റിജില്‍ മാക്കുറ്റി രംഗത്തെത്തി. സംഘപരിവാര്‍ നേതാക്കള്‍ പരാതി നല്‍കിയാല്‍ അപ്പോള്‍ തന്നെ കേസെടുക്കുന്ന ആഭ്യന്തര വകുപ്പാണ് കേരളത്തിലുള്ളതെന്ന് റിജില്‍ പറഞ്ഞു. കേസെടുത്ത് ഭയപ്പെടുത്താനാകില്ലെന്നും കേസ് പുത്തരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഞായറാഴ്ച കൂട്ട സത്യാഗ്രഹസമരത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. രാജ്ഘട്ടിന് മുന്നില്‍ രാവിലെ 10 മണി മുതലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സത്യാഗ്രഹമിരിക്കുന്നത്. രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചിട്ടില്ലെന്നും നിയമപരമായ നീക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.
പാര്‍ലമെന്റിലെ തന്റെ അടുത്ത പ്രസംഗത്തെ ഭയന്നാണ് പ്രധാനമന്ത്രി തന്നെ അയോഗ്യനാക്കിയത്. അദാനിയും മോദിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാരിക്കുകയാണ് അയോഗ്യനാക്കപ്പെട്ടത്.
രാജ്യത്തെ നിയമ സംവിധാനങ്ങളെ ബഹുമാനിക്കുന്നു. സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യം. അയോഗ്യതയോ, ആരോപണങ്ങളോ തന്നെ ഏശില്ല. ജയിലിലടച്ചാലും താന്‍ ഭയക്കില്ല. മാപ്പ് പറയാന്‍ ഞാന്‍ സവാര്‍ക്കറല്ല. സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തന്‍്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. വയനാട്ടിലെ ജനങ്ങള്‍ തന്‍്റെ കുടുംബമാണ്. അവര്‍ക്ക് വിശദാംശങ്ങള്‍ അറിയിച്ച് കത്തെഴുതുമെന്നും രാഹുല്‍ പറഞ്ഞു.
അദാനി ഷെല്‍ കമ്ബനിയില്‍ നിക്ഷേപിച്ച കോടികള്‍ ആരുടേതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. അദാനി-മോദി ബന്ധം ഏറെനാളായുള്ളത്, ആഴമേറിയത്. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും നിശബ്ദനാക്കാനാവില്ല. ബിജെപി മന്ത്രിമാര്‍ എന്നെക്കുറിച്ച് പാര്‍ലമെന്റില്‍ കള്ളം പറഞ്ഞു. എന്‍റെ കത്തിന് സ്പീക്കര്‍ മറുപടി നല്‍കിയില്ല, പ്രസംഗം രേഖകളില്‍ നിന്ന് നീക്കി. ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരും, പേടിപ്പിക്കാനാവില എന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തെ തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കി.