ഇപി ജയരാജന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനറാകും. നിലവിലെ എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന്‍ പി ബിയിലെക്ക് പോകുന്ന സാഹചര്യത്തിലാണ് പുതിയ കണ്‍വീനറെ തിരഞ്ഞെടുത്തത്.
ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് ഇ പി ജയരാജന്‍. ഇപി ജയരാജന് പുറമേ എകെ ബാലന്റേയും പേര് പരിഗണിക്കപ്പെട്ടിരുന്നതായി സൂചന ഉണ്ടായിരുന്നു. സിപിഎം സമിതിക്ക് ശേഷം നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
എസ്എഫ്ഐയിലൂടെയാണ് ഇപി ജയരാജന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നത്. യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍ എന്നിങ്ങനെ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. 1997 തിരഞ്ഞെടുപ്പ് രംഗത്തേക്ക് എത്തുന്നത്. 1997ല്‍ അഴീക്കോട് നിന്നാണ് നിയമസഭയിലെത്തിയത്.
2011ലും 2016ലും മട്ടന്നൂരില്‍ നിന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016ലെ പിണറായി മന്ത്രിസഭയില്‍ വ്യവസായം, കായികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.
അതേസമയം മറ്റ് സംഘടനാ ചുമതലകളെക്കുറിച്ചും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായിട്ടുണ്ട്. പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി എത്തിയേക്കുമെന്നാണ് സൂചന.