നേമം: ദേശീയപാതയില്‍ പ്രാവച്ചമ്പലത്തു പ്രവര്‍ത്തിക്കുന്ന കെ.ടി.ഡി.സി. ബിയര്‍ പാര്‍ലറില്‍ ഒരാഴ്ചയ്ക്കിടയില്‍ രണ്ടാമത്തെ മോഷണം. ഇത്തവണയും പണവും ബിയറും മോഷ്ടിച്ചു. ഒന്‍പതിനായിരം രൂപയും നാല് കുപ്പി വൈനും ബിയറുമാണ് മോഷ്ടിച്ചത്. ഇതിനുശേഷം മോഷ്ടാക്കള്‍ തൊട്ടടുത്ത കംപ്യൂട്ടര്‍ സെന്ററില്‍ കയറി സര്‍വീസിനുവെച്ചിരുന്ന ലാപ്ടോപ്പുകളും ഹാര്‍ഡ് ഡിസ്‌ക്കുകളും ബാഗുകളിലാക്കുന്ന സമയത്ത് സമീപത്തെ വിട്ടുകാര്‍ ശബ്ദംകേട്ട് ഉണര്‍ന്ന് പോലീസിനെ വിളിച്ചു. ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള നേമം സ്റ്റേഷനില്‍നിന്ന് പോലീസെത്തി കെട്ടിടം വളയാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആദ്യ മോഷണം നടന്നത്. പുലര്‍ച്ചെ സമീപത്തെ കെട്ടിടം വഴി ബിയര്‍ പാര്‍ലറിന്റെ മുകളിലത്തെ നിലയിലെത്തിയശേഷം ജനാലയുടെ ചില്ല് പൊട്ടിച്ച് മോഷ്ടാക്കള്‍ അകത്തുകയറി ക്യാഷ് കൗണ്ടറിലും അലമാരയിലും സൂക്ഷിച്ചിരുന്ന 40,000 രൂപയും 10 കുപ്പി ബിയറുമാണ് മോഷ്ടിച്ചത്. ഇത്തവണയും ഇതേ രീതിയിലായിരുന്നു മോഷണം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടേകാല്‍ മണിയോടെയാണ് മോഷണം നടത്തിയത്. കഴിഞ്ഞ തവണ മോഷണത്തിനിടെ പൊട്ടിച്ച ജനാലച്ചില്ല് മാറ്റി പുതിയത് ഇട്ടിരുന്നു ആ ചില്ല് പൊട്ടിച്ചാണ് അകത്ത് കയറിയത്. മോഷ്ടിക്കാനെത്തിയ രണ്ടുപേരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ കയറിയ മോഷ്ടാക്കളെപ്പോലെ രണ്ടുപേരാണ് ഇത്തവണയും മോഷണം നടത്തിയത്. കഴിഞ്ഞ മാസം സി.സി.ടി.വി. ക്യാമറകള്‍ മറച്ച് ഈ ബിയര്‍ പാര്‍ലറില്‍ മോഷണശ്രമം നടത്തിയിരുന്നു. ആദ്യത്തെ മോഷണം നടത്തിയവരുടെ വിരലടയാളം നേമം പോലീസിന് ലഭിച്ചിരുന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.