തിരുവനന്തപുരം: ബിജെപിയിലേക്ക് പോകാന്‍ താനൊരുങ്ങുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി.നട്ടാല്‍ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് തന്നെക്കുറിച്ച് ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും എത്ര അപമാനം സഹിച്ചാലും കോണ്‍ഗ്രസുകാരനായി തുടരുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് മുരളീധരന്റെ മറുപടി.
രാഹുല്‍ ഗാന്ധിയോടൊപ്പം കേരളം മുഴുവന്‍ നടന്നത് ബിജെപിയില്‍ ചേരാനല്ല. രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയാണ് മുരളീധരന്‍ തനിക്കെതിരെയുള്ള പ്രാചരണങ്ങളോട് രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
‘നട്ടാല്‍ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലര്‍ എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. രാഹുല്‍ ഗാന്ധിയോടൊപ്പം 495 കിലോമീറ്റര്‍ കേരളം മുഴുവന്‍ ഞാന്‍ കാല്‍നടയായി സഞ്ചരിച്ചത് ബിജെപിയില്‍ ചേരാനല്ല. അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണ്. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ അടിയുറച്ചു നില്‍ക്കും.എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും കോണ്‍ഗ്രസിന്റെ സാധാരണ പ്രവര്‍ത്തകനായി തുടരും.
ത്രിപുരയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. അതിന്റെ പേരില്‍ വേട്ടയാടാന്‍ നോക്കണ്ട.സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതു പോലെ ബിജെപിയില്‍ ചേര്‍ന്നു ലഭിക്കുന്ന കേന്ദ്ര മന്ത്രി സ്ഥാനത്തെക്കാള്‍ എനിക്ക് അഭിമാനം സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ആകുന്നതാണ്. അതു കൊണ്ട് കെ. കരുണാകരന്റെ മകനെ സംഘിയാക്കാന്‍ ആരും മെനക്കെടണ്ട. മതേതര നിലപാടുകള്‍ എന്നും ഹൃദയത്തോടെ ചേര്‍ത്തു പിടിച്ചിട്ടുണ്ട്. അത് കേരളത്തിലെ ജനങ്ങള്‍ക്കറിയാം.