കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയ താമരശ്ശേരി സ്വദേശി ഷാഫിയുടെ വീഡിയോ സന്ദേശം പുറത്ത്.
80 കോടി രൂപ വില വരുന്ന 325 കിലോ സ്വര്‍ണം താനും സഹോദരനും വിദേശത്ത് നിന്ന് കൊണ്ടുവന്നിരുന്നുവെന്നാണ് ഷാഫി ഈ വീഡിയോയില്‍ പറയുന്നത്. ഈ സ്വര്‍ണത്തിനായാണ് തന്നെ തട്ടിക്കൊണ്ടുവന്നതെന്നും ഷാഫി വീഡിയോയില്‍ പറഞ്ഞു.
എത്രയും പെട്ടെന്ന് തന്നെ റിലീസാക്കാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘം തട്ടിക്കൊണ്ടുപോയി അഞ്ച് ദിവസത്തിന് ശേഷമാണ് ഇയാളുടെ വീഡിയോ പുറത്തുവന്നത്. കര്‍ണാടകയിലേക്ക് അയാളെ കൊണ്ടുപോയതായാണ് വിവരം. സൗദിയില്‍നിന്ന് കൊണ്ട് വന്ന സ്വര്‍ണത്തിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോകല്‍. പൊലീസ് നടപടികള്‍ ആവശ്യപ്പെട്ട് മുന്നോട്ട് പോകരുതെന്ന സൂചനയും ഷാഫി വീഡിയോയില്‍ നല്‍കുന്നുണ്ട്. വീഡിയോയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം, ഷാഫിയെ കണ്ടെത്താന്‍ കാസര്‍കോട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ വാടകയ്ക്ക് കൊടുത്തയാള്‍ കസ്റ്റഡിയിലാണ്. ഇയാളെ താമരശ്ശേരിയില്‍ എത്തിച്ച് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ഇതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കരിപ്പൂര്‍ വിമാനത്താവള കവാടത്തിന് 200 മീറ്റര്‍ അകലെ പെട്ടിക്കടയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ നമ്ബര്‍ വ്യാജമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ഷാഫിയുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അവസാനമായി കരിപ്പൂരിലാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരു പെട്ടിക്കടയില്‍ ഷാഫിയുടെ ഫോണ്‍ കണ്ടെത്തിയത്. ഫോണ്‍ ഇവിടെ ഉപേക്ഷിച്ച് പോയതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഫോണ്‍ ഈ ഭാഗത്ത് ഉപേക്ഷിച്ച് പോയതെന്നും സംശയമുണ്ട്