ഖാര്‍ത്തൂം: സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ സംഘര്‍ഷം നടക്കുന്ന സുഡാനില്‍ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്‌റ്റിന്റെ(48) മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കലാപം നടക്കുന്നതിനിടെ, താമസിക്കുന്ന ഫ്ളാറ്റിന്റെ ജനലിലൂടെ വന്ന വെടിയുണ്ടയേറ്റായിരുന്നു ആല്‍ബര്‍ട്ടിന്റെ അന്ത്യം. യു.കെയിലുള്ള മകന്‍ ഓസ്‌റ്റിനുമായി മൊബൈലിലൂടെ സംസാരിക്കുന്നതിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. ഈ സമയം ഭാര്യ സൈബീറ്റയും മകള്‍ മരീറ്റയും അടുത്തുണ്ടായിരുന്നെങ്കിലും ഇവര്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവര്‍ ഫ്ളാറ്റിനടിയിലെ ബങ്കറിലാണ് ഇപ്പോഴുള്ളത്. ഇവരോട് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണം എത്തിച്ചിട്ടുണ്ട്.
ഇതിനിടെ സുഡാനിലെ ഇന്ത്യക്കാര്‍ പുറത്തിറങ്ങരുതെന്ന് ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബാല്‍ക്കണി പോലെ തുറന്ന സ്ഥലങ്ങളിലും നില്‍ക്കരുത്. മതിയായ ഭക്ഷണവും വെള്ളവും മരുന്നുകളും കരുതണമെന്നും എംബസി അറിയിക്കുന്നു.
കുടുംബത്തോടൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാനായി ഭാര്യയെയും മകളെയും രണ്ടാഴ്ചമുമ്ബാണ് ആല്‍ബര്‍ട്ട് സുഡാനിലേക്ക് വിളിച്ചുവരുത്തിയത്. മേയ് 3ന് ഇവര്‍ക്ക് നാട്ടിലേക്കുള്ള ടിക്കറ്റും ബുക്കുചെയ്തിരുന്നു. ശനിയാഴ്ച രാത്രിയിലാണ് വെടിവയ്പ്പുണ്ടായത്. വിമുക്തഭടനായ ആല്‍ബര്‍ട്ട്, ഏഴുമാസം മുമ്ബാണ് സുഡാന്റെ തലസ്ഥാനമായ ഖാര്‍തൂമില്‍ ഡാല്‍ ഗ്രൂപ്പ് ഒഫ് കമ്ബനിയില്‍ ഉദ്യോഗസ്ഥനായത്.
ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്നും വാതിലുകളും ജനലുകളും തുറന്നിടരുതെന്നും ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു.
കമ്ബനി മാനേജ്‌മെന്റും ഇന്ത്യന്‍ എംബസിയും മൃതദേഹം വീണ്ടെടുത്ത് നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്. സുഡാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനും ഭാര്യയെയും മകളെയും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ അറിയിച്ചു.
തേര്‍ത്തല്ലിയിലെ ആദ്യകാല വ്യാപാരി ചിറ്റടിയിലെ ആലവേലില്‍ എ.കെ. അഗസ്റ്റിന്റെ മകനാണ് ആല്‍ബര്‍ട്ട്. അമ്മ: മേഴ്സി. സഹോദരങ്ങള്‍: സ്റ്റാര്‍ളി, ഷര്‍മ്മി