കോട്ടയം: കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്.കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി ജോണി നെല്ലൂര്‍ പാര്‍ട്ടിയില്‍ നിന്നുള്ള രാജിക്കത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫിന് ഉടന്‍ കൈമാറും. ഈ മാസം 22 ന് പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കും. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്നാകും പുതിയ പാര്‍ട്ടിയുടെ പേര് എന്നാണ് വാര്‍ത്തകള്‍.
കേരള കോണ്‍ഗ്രസിലെ ഏതാനും നേതാക്കള്‍ പുതിയ പാര്‍ട്ടിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ എംഎല്‍എ മാത്യു സ്റ്റീഫന്‍, ജോര്‍ജ് ജെ മാത്യു, പി എം മാത്യു തുടങ്ങിയവര്‍ പുതിയ പാര്‍ട്ടിയിലേക്ക് എത്തുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസും പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും. സിറോ മലബാര്‍ സഭ ബിഷപ്പിന്റെ പിന്തുണയും പുതിയ പാര്‍ട്ടി രൂപീകരണത്തിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിസ്ത്യന്‍ വിഭാഗത്തിലെ തീവ്രനിലപാടുകാരുടെ സംഘടനയായ കാസ ജനറല്‍ സെക്രട്ടറി ജോയി എബ്രഹാമും പുതിയ പാര്‍ട്ടിയുടെ ഭാഗമാകുമെന്നാണ് വിവരം.