കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ചുവെന്ന സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി രംഗത്ത്.
വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ സമരം ആരംഭിക്കുമെന്ന് കത്രിക വയറ്റില്‍ കുടുങ്ങിയ ഹര്‍ഷിന വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു. കേസില്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
നേരത്തെ ഹര്‍ഷിനയ്ക്ക് 2 ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു.’എന്റെ ജീവിതം തീര്‍ന്നുവെന്ന് വിചാരിച്ചതാണ്. എന്റെ കഷ്ടതയ്ക്ക് മന്ത്രി പ്രഖ്യാപിച്ചത് വെറും 2 ലക്ഷം രൂപയാണ്. ഈ അന്വേഷണവുമായി ബന്ധപ്പെട്ട ആളുകളില്‍ ആരുടേയെങ്കിലും വയറ്റില്‍ അഞ്ച് ദിവസം ഈ കത്രിക കിടന്നിരുന്നെങ്കില്‍ എത്ര രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമെന്ന് അവര്‍ തന്നെ പറയട്ടെ.’ എന്നായിരുന്നു ഹര്‍ഷിനയുടെ പ്രതികരണം.
വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും ഹര്‍ഷിന പറഞ്ഞു. ഒറ്റത്തവണ മാത്രമാണ് ആരോഗ്യമന്ത്രിയുമായി ഫോണില്‍ നേരിട്ട് സംസാരിച്ചത്. വിളിക്കുമ്ബോഴെല്ലാം പിഎയാണ് ഫോണ്‍ എടുക്കാറ്. കാര്യം ആരോഗ്യമന്ത്രിയെ അറിയിക്കാമെന്ന് പറയും എന്നല്ലാതെ ഒരിക്കല്‍ പോലും നേരിട്ട് സംസാരിച്ചിട്ടില്ലെന്നും ഹര്‍ഷിന പങ്കുവെച്ചു. തനിക്ക് എന്താണ് സംഭവിച്ചതെന്ന് ഇവര്‍ക്ക് മാത്രം മനസ്സിലായിട്ടില്ലെന്നും ഹര്‍ഷിന കുറ്റപ്പെടുത്തി.
അഞ്ച് വര്‍ഷം മുമ്ബാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ചികിത്സ തേടിയത്. സിസേറിയന് ശേഷം വലിയ ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. മൂന്നാമത്തെ സിസേറിയന്‍ ആയതിനാലുള്ള പ്രയാസമാണെന്നാണ് കരുതിയത്. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. എട്ട് മാസം മുമ്ബ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.