തിരുവനന്തപുരം: യു.പി.ഐ ഇടപാടുകള്‍ നടത്തിയ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ്
യുപിഐ ഇടപാടുകള്‍ നടത്തിയ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കേരള പൊലീസ് നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഫെയ്സ്ബുക്കിലൂടെയാണ് കേരള പൊലീസിന്റെ വിശദീകരണം. സൈബര്‍ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലും കോള്‍ സെന്റര്‍ നമ്ബറായ 1930ലും രജിസ്റ്റര്‍ ചെയ്യുന്ന പരാതിയിന്മേല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുകള്‍ക്ക് സാധാരണയായി പൊലീസ് നിര്‍ദേശം നല്‍കാറുള്ളത്. തുക കൈമാറ്റം നടന്നതായി പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള അക്കൗണ്ട് നമ്ബരില്‍ നിന്നും നഷ്ടപ്പെട്ട തുക തിരികെ പിടിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. അക്കൗണ്ട് പൂര്‍ണമായി മരവിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും കേരള പൊലീസ് വ്യക്തമാക്കി .
എന്നാല്‍ തട്ടിപ്പ് നടത്താനായി സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്. അക്കൗണ്ടുകള്‍ മരവിപ്പിച്ചത് സംബന്ധിച്ച പരാതിയുണ്ടെങ്കില്‍ 1930 എന്ന നമ്ബറില്‍ അറിയിക്കാവുന്നതാണ്.
ഡിജിറ്റല്‍ പണവിനിമയ സംവിധാനങ്ങളിലൂടെ ഇടപാടുകള്‍ നടത്തുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വ്യാപകമായി മരവിപ്പിക്കപ്പെട്ടിരുന്നു. വിവിധ ജില്ലകളിലായി നിരവധി പേരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.