തിരുവനന്തപുരത്ത് മൂന്നുലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വില്‍പ്പന നടത്തിയതായി പരാതി. തൈക്കാടുള്ള അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിന്നാണ് കുട്ടിയെ കൈമാറിയതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് വാങ്ങിയ ആളില്‍ നിന്ന് പൊലീസ് കുട്ടിയെ വീണ്ടെടുത്തു.
ഈ മാസം ഏഴിന് തൈക്കാട്ടെ ഗവണ്‍മെന്റ് ആശുപത്രിയില്‍ യുവതി പ്രസവിച്ച നവജാത ശിശുവിനെ വിറ്റതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. പത്താം തിയതിയാണ് വില്‍പന നടന്നത്. മൂന്നു ലക്ഷം രൂപ നല്‍കി കരമന സ്വദേശികളാണ് കുഞ്ഞിനെ വാങ്ങിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്പെഷല്‍ ബ്രാഞ്ചിന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ വാങ്ങിയവരില്‍ നിന്ന് ശിശുവിനെ വീണ്ടെടുക്കുകയും ചെയ്യുകയായിരുന്നു. നിലവില്‍ കുഞ്ഞ് ശിശുക്ഷേമ സമതിയുടെ സംരക്ഷണയിലാണുള്ളത്.