കൊച്ചി: കേരളീയ വേഷത്തിൽ കൊച്ചിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കസവ് മുണ്ടും വെള്ള ജുബ്ബയും കസവ് കരയുള്ള ഷാളും ധരിച്ചാണ് പ്രധാനമന്ത്രി റോഡ് ഷോയിലെത്തിയത്. പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ ആയിരുന്നു ഇത്.
കൊച്ചിയെ ഒന്നാകെ ഇളക്കിമറിച്ചാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോയത്. റോഡിന്‍റെ ഇരുവശത്തുനിന്നും ജനങ്ങള്‍ പുഷ്പവൃഷ്ടിയോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്. തേവര ജംഗ്ഷന്‍ മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റര്‍ ദൂരത്തില്‍ ആദ്യം കാല്‍നടയായും പിന്നീട് കാറിലുമാണ് പ്രധാനമന്ത്രി സഞ്ചരിച്ചത്.
രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. വെല്ലിങ്ടന്‍ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തില്‍ വൈകീട്ട് 5ന് എത്തിയ പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി പി രാജീവ് ഉള്‍പ്പടെയുള്ളവര്‍ സ്വീകരിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി, ബി ജെ പി നേതാവും നടനുമായ സുരേഷ് ഗോപി, നടി അപര്‍ണ ബാലമുരളി, ഗായകന്‍ വിജയ് യേശുദാസ് തുടങ്ങിയവര്‍ യുവം വേദിയിലുണ്ട്. നവ്യ നായര്‍, സ്റ്റീഫന്‍ ദേവ്യ തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പ്രധാനമന്ത്രിയെ കാണാന്‍ ആയിരങ്ങളാണ് റോഡിന്റെ വശത്തായി തടിച്ചുകൂടിയത്. കൊച്ചി നഗരത്തില്‍ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷ പൂര്‍ണമായും എസ്.പി.ജിയുടെയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെയും നിയന്ത്രണത്തിലാക്കിയിരുന്നു. കേരള പൊലീസും മുന്നിലുണ്ട്. കൂടുതല്‍ എസ്.പി.ജി, ഐ.ബി ഉദ്യോഗസ്ഥര്‍ പ്രത്യേക വിമാനങ്ങളിലായി കേരളത്തിലെത്തി. എസ്.പി.ജി തലവനും ഉന്നത ഉദ്യോഗസ്ഥരും കേരളത്തിലുണ്ട്.