കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി.
വിചാരണ കോടതിയുടെ വിധിക്കെതിരെ എം വി നികേഷ് കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളി.
ഈ കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ എല്ലാ വാര്‍ത്തകളും ഹാജരാക്കണമെന്നായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. ഇതിനെതിരായിരുന്നു നികേഷ് കുമാറും ചാനലും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും ചലച്ചിത്ര നടനുമായ ദിലീപ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലായിരുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയ്ത വാര്‍ത്തകള്‍ ഹാജരാക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടത്. ജൂഡിഷ്യല്‍ സംവിധാനത്തെയാകെ അവഹേളിക്കുന്ന തരത്തിലുള്ള വാര്‍ത്തകളും ചര്‍ച്ചകളുമാണ് നടിയെ ആക്രമിച്ച കേസില്‍ ചാനല്‍ നടത്തിയതെന്നായിരുന്നു ദിലീപിന്റെ പരാതി.
കേസില്‍ രഹസ്യ വിചാരണ നടക്കവെ ഇതേ കുറിച്ച് ചര്‍ച്ചകളും അഭിമുഖങ്ങളും നടത്തിയെന്ന ഹര്‍ജിയിലാണ് സംപ്രേക്ഷണം ചെയ്ത പരിപാടികള്‍ പെന്‍ഡ്രൈവില്‍ ഹാജരാക്കാന്‍ വിചാരണ കോടതി ഉത്തരവിട്ടത്. വാര്‍ത്തകള്‍ പരിശോധിക്കുന്നതിന് വേണ്ടിയിട്ടായിരുന്നു ഇവ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. ഇതിനെതിരെയായിരുന്നു നികേഷും ചാനലും ഹൈക്കോടതിയെ സമീപിച്ചത്.
2021 ഡിസംബര്‍ 25 മുതല്‍ 2022 ഒക്ടോബര്‍ വരെ പ്രക്ഷേപണം ചെയ്ത വാര്‍ത്തകളും അഭിമുഖങ്ങളും ഹാജരാക്കാനാണ് ചാനലിന് കോടതി നിര്‍ദേശം നല്‍കിയത്.