കേരളത്തില്‍ നിന്ന് 32,000 സ്ത്രീകള്‍ ഇസ്ലാം മതം സ്വീകരിച്ച് തീവ്രവാദ സംഘടനയായ ഐ എസ് ഐ എസില്‍ ചേരുന്നത് പ്രമേയമാകുന്ന ചിത്രം ‘ദ കേരള സ്‌റ്റോറി’യ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ്.
ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ലെന്നും മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. സിനിമയുടെ ഉള്ളടക്കത്തെ വിമര്‍ശിച്ച വി ഡി സതീശന്‍ കേന്ദ്രത്തിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിക്കുകയായിരുന്നു. കേരളത്തിനെ രാജ്യാന്തരതലത്തില്‍ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടുകൊണ്ട് പ്രധാനമന്ത്രി മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.
മനുഷ്യനെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാനുള്ള അങ്ങേയറ്റം ആപത്കരമായ നീക്കത്തിന്റെ അടിവേര് വെട്ടേണ്ടതുണ്ട്. മാനവികത എന്ന വാക്കിന്റെ അര്‍ത്ഥം സംഘ പരിവാറിന് ഒരിക്കലും മനസിലാകില്ലെന്നും വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതേണ്ടെന്നും വി ഡി സതീശന്‍ ഫേസ്ബുക്കില്‍ പേജില്‍ കുറിച്ചു.
മുസ്ലീം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമര്‍ശങ്ങളും ഉള്‍പ്പെടു ന്ന ദ കേരള സ്റ്റോറിയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്ബിലും രംഗത്ത് വന്നിരുന്നു.