ചിന്നക്കനാല്‍ (ഇടുക്കി): ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തമ്ബാറ പഞ്ചായത്തുകളെ വിറപ്പിച്ച അക്രമകാരിയായ കാട്ടാന അരിക്കൊമ്ബനെ പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടു.
രാത്രി 12ഓടെയാണ് ജനവാസ മേഖലയായ കുമളിയില്‍നിന്നു 23 കിലോമീറ്റര്‍ അകലെയുള്ള സീനിയറോഡയില്‍ തുറന്നുവിട്ടത്.
കനത്ത മഴ മൂലം വനത്തിനുള്ളിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു. പ്രതികൂല കാലാവസ്ഥയും അരിക്കൊമ്ബന്‍റെ അപ്രതീക്ഷിത ചെറുത്തുനില്‍പ്പുമടക്കം കടുത്ത പ്രതിസന്ധികളെ അതിജീവിച്ചാണ് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 150 അംഗ സംഘം 12 മണിക്കൂറോളം നീണ്ട ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. 30 വര്‍ഷത്തിലേറെ മൂന്നാര്‍ മേഖലയിലെ മലമടക്കുകളില്‍ വിഹരിച്ച അരിക്കൊമ്ബന്‍റെ പുതിയ താവളം കുമളി മേഖലയിലെ പെരിയാര്‍ വന്യജീവി സങ്കേതമാണ്.
ആദ്യദിവസം ഒമ്ബതുമണിക്കൂര്‍ തിരഞ്ഞിട്ടും അരിക്കൊമ്ബനെ കാണാന്‍പോലുമാകാതെ ദൗത്യം അവസാനിപ്പിച്ച സംഘം കൂടുതല്‍ മികച്ച ആസൂത്രണത്തോടെയാണ് ശനിയാഴ്ച രാവിലെ ആറോടെ ജോലികള്‍ പുനരാരംഭിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ശങ്കരപാണ്ഡ്യന്‍മേട്ടിലെ ചോലയില്‍ കണ്ടെത്തിയ ആനയെ ദൗത്യമേഖലയില്‍ എത്തിച്ച് അഞ്ച് മയക്കുവെടികളിലൂടെയാണ് പിടികൂടിയത്. ലോറിയില്‍ (അനിമല്‍ ആംബുലന്‍സ്) കയറ്റുക എന്നതായിരുന്നു പിന്നീടുള്ള ഏറ്റവും ശ്രമകരമായ ദൗത്യം.
മയങ്ങിനിന്ന അരിക്കൊമ്ബനെ നാല് കുങ്കിയാനകള്‍ വളഞ്ഞു. സ്ഥലത്തേക്ക് എക്സ്കവേറ്റര്‍ ഉപയോഗിച്ച് വഴിയൊരുക്കുകയും ഇരുവശത്തുനിന്നും ആനയുടെമേല്‍ വെള്ളം ഒഴിക്കുകയും ചെയ്തു. നാല് കാലുകളും വടംകൊണ്ട് ബന്ധിച്ചു. കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടി. തുടര്‍ന്ന്, ലോറിയില്‍ തള്ളിക്കയറ്റാന്‍ കുങ്കിയാനകള്‍ ശ്രമിച്ചെങ്കിലും അരിക്കൊമ്ബന്‍ വഴങ്ങിയില്ല.
ഒരു ഘട്ടത്തില്‍ കുങ്കിയാനകളെ ആക്രമിക്കാന്‍ മുതിരുകയും കണ്ണിലെ തുണിയും രണ്ട് കാലുകളിലെ വടവും കുടഞ്ഞെറിയുകയും ചെയ്തു. ഇതിനിടെ, കനത്ത മഴയും കാറ്റും മൂടല്‍മഞ്ഞും ദൗത്യത്തെ കടുത്ത പ്രതിസന്ധിയിലാക്കി.
ശ്രമം തുടര്‍ന്ന കുങ്കിയാനകള്‍ അവസാനംവരെ ചെറുത്തുനിന്ന അരിക്കൊമ്ബനെ കോരിച്ചൊരിയുന്ന മഴക്കിടെ വാഹനത്തിലേക്ക് തള്ളിക്കയറ്റുകയായിരുന്നു