കൊച്ചി: മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറിപ്പിന്റെ പേരിലുള്ള അവാര്‍ഡ് ഇത്തവണ തമിഴ് സാഹിത്യകാരനും ഗാനരചയിതാവുമായ വൈരമുത്തുവിനാണ് ലഭിച്ചത്. അതിനിടെ വൈര മുത്തുവിന് അവാര്‍ഡ് നല്‍കിയതിനെതിരെ പ്രതിഷേധവുമായി മലയാളികളുടെ പ്രിയ താരമായ നടി പാര്‍വതി തിരുവോത്ത് രംഗത്ത്.
അവാര്‍ഡ് ജേതാവായ വൈരമുത്തു മീ ടു ലൈംഗിക ആരോപണ വിധേയനാണെന്നും നടി വ്യക്തമാക്കുന്നു. ഈ ആരോപണം ചൂണ്ടി കാട്ടിയാണ് അവാര്‍ഡിനെതിരെ പാര്‍വതി തിരുവോത്ത് പ്രതിഷേധമുയര്‍ത്തിയത്. നേരത്തെ ഗായിക ചിന്മയി ശ്രീപദ, നടി റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.
പാര്‍വതിയുടെ കുറിപ്പ്;
ഒ.എന്‍.വി സര്‍ നമ്മുടെ അഭിമാനമാണ്. ഒരു കവി എന്ന നിലയിലും ഗാനരചയിതാവെന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ സമാനതകള്‍ ഇല്ലാത്തതാണ്. അത് നമ്മുടെ സംസ്‌കാരത്തെ പോഷിപ്പിച്ചതെങ്ങനെയാണ്… അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെ നമ്മുടെ ഹൃദയവും മനസും അനുഗ്രഹിക്കപ്പെട്ടു.
അതുകൊണ്ടാണ് ലൈംഗികാതിക്രമ കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് അദ്ദേഹത്തിന്റെ പേരില്‍ അത്തരമൊരു ബഹുമതി നല്‍കുന്നത് അപമാനമാകുന്നത്…
പതിനേഴ് സ്ത്രീകള്‍ അവരുടെ കഥ വെളിപ്പെടുത്തിയിരുന്നു. എത്രപേര്‍ക്ക് അന്യായം സംഭവിച്ചുവെന്ന് നമുക്ക് അറിയില്ല. അന്യായം ചെയ്യപ്പെടുന്നവരോട് തെറ്റ് ചെയ്യുന്നത് തുടരുകയാണ്. അധികാരത്തിലിരിക്കുന്നവരുടെ പ്രശസ്തി ഉയര്‍ത്തിപ്പിടിക്കാന്‍ മാത്രം. മനുഷ്യത്വത്തേക്കാള്‍ പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ല. അടൂര്‍ ഗോപാലകൃഷ്ണനും ജൂറിയും വൈരമുത്തുവിനെ അവാര്‍ഡിന് തെരഞ്ഞെടുത്തതിനെ എങ്ങനെയാണ് ന്യായീകരിക്കുന്നത്? പാര്‍വതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മീ ടു ക്യാമ്പയിന്റെ ഭാഗമായി ലൈംഗികാരോപണം നേരിട്ട വ്യക്തിയാണ് വൈരമുത്തു. ഗായിക ചിന്മയി അടക്കം നിരവധി പേര്‍ വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയത് വാര്‍ത്തയായതാണ്.