കാസര്‍കോട്: ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി.രാംദാസാണ് ഇക്കാര്യം അറിയിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള മറ്റ് കുട്ടികളിലും ഷിഗെല്ല രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജില്ലയില്‍ വിവിധ ആശുപത്രികളിലായി 51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളത്.
ഭക്ഷ്യവിഷബാധയേറ്റവരുടെ രക്തവും മലവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് എ.വി.രാംദാസ് പറഞ്ഞു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു