തൃശൂർ: ഭാരതത്തിൻ്റെ സർവ്വോന്മുഖമായ പുരോഗതിക്ക് ക്രൈസ്തവ മിഷനറിമാരുടെ പങ്ക് വിലയേറിയതാണെന്ന് ടി.എൻ പ്രതാപൻ എം.പി
പ്രസ്താവിച്ചു. ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 34 മത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതാപൻ.
മെയ് 2ന് തൃശൂർ ഫുൾ ഗോസ്പൽ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ അക്കാദമി പ്രസിഡൻ്റ് ടോണി ഡി. ചെവ്വൂക്കാരൻ അദ്ധ്യക്ഷനായിരുന്നു.
ക്രൈസ്തവ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള മഹാകവി കെ.വി.സൈമൺ അവാർഡ് ഡോ.മാർ അപ്രേമിനും, ബൈബിൾ പരിഭാഷ രംഗത്ത് നാലര പതിറ്റാണ്ട് പിന്നിട്ട വിക്ലിഫ് ഇന്ത്യാ സ്ഥാപക ചെയർമാന്‍ ഡോ.ജേക്കബ് ജോർജിന് വില്യം കേറി അവാർഡും സമർപ്പിച്ചു.
എയ്ഡ്സ് രോഗികളുടെ ആധ്യാത്മിക പുരോഗതിക്കും സാമൂഹിക ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന പാസ്റ്റർ ടി.ജി.വിനോദിനെ ആദരിച്ചു.
ലിജോ വർഗീസ് പാലമാറ്റം അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.
അക്കാദമിയുടെ മുഖപത്രമായ ക്രൈസ്തവ സാഹിതിയുടെ പ്രകാശനം പാസ്റ്റർ ദാനിയേൽ ഐരൂരിന് നല്കി ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി.മാത്യു നിർവഹിച്ചു. വിശിഷ്ടാതിഥിയ്ക്ക് ടി.എഫ് ജെയിംസ് ഉപഹാരം നല്കി. റവ.ജേക്കബ് ജോർജ് എഴുതിയ ‘പുത്തന്‍ പ്രതീക്ഷകള്‍’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം ഗുഡ്ന്യൂസ് പബ്ളീഷർ ടി.എം. മാത്യുവിനു നല്‍കി ഡോ.മാർ അപ്രേം നിർവഹിച്ചു. എബി ചാക്കോ ജോർജ് പുസ്തകം പരിചയപ്പെടുത്തി.
‘ഭാരതത്തിൻ്റെ വികസനത്തിന് ക്രൈസ്തവ മിഷനറിമാരുടെ പങ്ക് ‘ എന്ന വിഷയത്തെക്കുറിച്ച് ബ്രദർ എം.വി.ബാബു കല്ലിശ്ശേരി പ്രബന്ധം അവതരിപ്പിച്ചു.
കെ.ആർ ജോസ്, ജയൻ ചെറുശ്ശേരി, പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ ബെൻ റോജർ എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് സ്വാഗതവും മീഡിയാ കൺവീനർ സാം കൊണ്ടാഴി നന്ദിയും പറഞ്ഞു.
ചർച്ച്ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.