നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനെന്ന് സര്‍ക്കാര്‍. എസ് ശ്രീജിത്തിന്റെ സ്ഥലംമാറ്റത്തെ തുടര്‍ന്ന് കേസിന്റെ അന്വേഷണ ചുമതല പുതിയ സംഘത്തിന് നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
എഡിജിപി ശ്രീജിത്തിന്റെ സ്ഥലംമാറ്റത്തിന് എതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര നല്‍കിയ ഹര്‍ജി പരിഗണിക്കവെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് അറിയിക്കാന്‍ കോടതി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ് ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയോ എന്നതില്‍ വ്യക്തത വരുത്തണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ്, സര്‍ക്കാര്‍ കോടതിയില്‍ നിലപാടറിയിച്ചത്.
അതേസമയം കേസില്‍ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു.
ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും ദിലീപിനെതിരെ തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അഭിഭാഷകന്‍ മുംബൈയില്‍ പോയതിന് തെളിവുണ്ട്. വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഫോണിലെ വാട്‌സാപ്പ് ചാറ്റുകളും നശിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു.
എന്നാല്‍ ഇത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മാത്രമേ തെളിവ് നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കൂവെന്നും കോടതി വ്യക്തമാക്കി