മഴ മാറിനിന്നതോടെ ആവേശമായി തൃശൂർ പൂരം വെടിക്കെട്ട്. 3 തവണ മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ടാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ നടന്നത്. ഒരുമണിയോടെ വെടിക്കെട്ട് നടത്താനാണ് തീരുമാനിച്ചതെങ്കിലും മഴ കാരണം ഒരു മണിക്കൂറുകളോളം നീട്ടിവെക്കുകയായിരുന്നു.
കനത്ത മഴയെ തുടർന്ന് ഒൻപത് ദിവസം കാത്തിരുന്ന ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ മാറി നിന്ന ചെറിയ ഇടവേളയിൽ ജില്ലാ ഭരണകൂടം ഇടപെട്ട് വെടിക്കെട്ട് പെട്ടെന്ന് നടത്തുകയായിരുന്നു.
അനിശ്ചിതമായി നീണ്ട വെടിക്കെട്ട്കഴിഞ്ഞതോടെ കൊടും മഴയത്ത് കരിമരുന്നിന് കാവലിരുന്ന ദേവസ്വം അധികൃതർക്കും പൊലീസിനും ജില്ലാഭരണകൂടത്തിനും ആശ്വാസമായി. വെടിക്കെട്ടിന് പിന്നാലെ തൃശ്ശൂർ നഗരത്തിൽ മഴ ആരംഭിക്കുകയും ചെയ്തു.
പാറമേക്കാവിൻ്റെ വെടിക്കെട്ടാണ് ആദ്യം നടന്നത്. തുടർന്ന് തിരുവമ്പാടിയുടെ വെടിക്കെട്ട് നടന്നു. തേക്കിൻ കാട് മൈതാനത്ത് വച്ചാണ് ഇരുകൂട്ടരും രണ്ടായിരം കിലോ വെടിമരുന്ന് ഉപയോഗിച്ചുള്ള വെടിക്കെട്ട് നടത്തിയത്. അതേസമയം ഉച്ചസമയത്ത് വെടിക്കെട്ട് നടത്തിയതോടെ വെടിക്കെട്ടിൻ്റെ ആകാശക്കാഴ്ചകൾ പൂരപ്രേമികൾക്ക് നഷ്ടമായി