താനൂര്‍: ഒരു വാക്ക് കൊണ്ടും ആശ്വസിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുളള നഷ്ടമല്ല താനൂരിലെ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഉണ്ടായിട്ടുളളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
താനൂര്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല പ്രത്യേക സംഘം രൂപീകരിച്ചുളള പോലീസ് അന്വേഷണവും നടക്കും.
മുഖ്യമന്ത്രിയുടെ പ്രതികരണം:
‘ വാക്കുകളില്‍ രേഖപ്പെടുത്താന്‍ കഴിയാത്ത രീതിയില്‍ വലിയ ദുരന്തമാണ് താനൂരില്‍ ഉണ്ടായത്. 22 പേരുടെ ജീവനാണ് നഷ്ടമായത്. 5 പേര്‍ നീന്തി രക്ഷപ്പെട്ടു. 10 പേര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നതില്‍ 2 പേര്‍ ആശുപത്രി വിട്ടു. 8 പേര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. ബോട്ട് അപകടം നടന്ന താനൂരില്‍ മന്ത്രിസഭായോഗവും അതിന്റെ തുടര്‍ച്ചയായി എംഎല്‍എമാരുടെയും കക്ഷി നേതാക്കളുടെയും യോഗവും ഇന്ന് ചേരുകയുണ്ടായി.
മുന്‍പ് സമാനമായ ദുരന്തങ്ങളുണ്ടായപ്പോള്‍ നടത്തിയ പരിശോധനകളുടെ ഭാഗമായി നിഷ്കര്‍ഷിച്ച കരുതല്‍ നടപടികള്‍ ഇവിടെ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. താനൂര്‍ ദുരന്തത്തെ സംബന്ധിച്ച് ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ബോട്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധര്‍ കൂടി ഉള്‍കൊള്ളുന്ന ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ എന്നതാണ് കാണുന്നത്.
അതോടൊപ്പം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചുകൊണ്ടുള്ള പൊലീസ് അന്വേഷണവും നടത്തും. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. കുറ്റമറ്റ അന്വേഷണം ഈ അപകടവുമായി ബന്ധപ്പെട്ട് നടത്തുകയും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യും. ഇത്തരം അപകടങ്ങള്‍ ഇനിയും സംഭവിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കാനും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.