കൊല്ലം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ ശരീരത്തില്‍ 11 കുത്തുകളേറ്റതായി പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായത്. മുതുകില്‍ ആറും തലയില്‍ മൂന്നും കുത്തുകളേറ്റു. ശരീരത്തിലാകെ 23 മുറിവുകളാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പ്രതി സന്ദീപിനെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. സന്ദീപിനെ ആംബുലന്‍സില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി.
അതിനിടെ വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസ് നിലപാട് മാറ്റി. പ്രതി സന്ദീപ് ആദ്യം കുത്തിയത് കൊല്ലപ്പെട്ട ഡോ.വന്ദനാ ദാസിനെയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. സന്ദീപിന്റെ ബന്ധുവിനും പൊലീസിനുമാണ് ആദ്യം കുത്തേറ്റതെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ഡോ. മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരമാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കുന്ന വിശദീകരണം.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂള്‍ അധ്യാപകനായ സന്ദീപ് വന്ദനയെ കത്രികകൊണ്ട് കുത്തുകയായിരുന്നു. വന്ദനാ ദാസിന്റെ മൃതദേഹം കൊല്ലം അസീസിയ കോളജില്‍ പൊതുദര്‍ശനത്തിന് വച്ചു. അധ്യാപകരും സഹപാഠികളും ഉള്‍പ്പടെ ആയിരങ്ങളാണ് അവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. അര മണിക്കൂര്‍ നേരം പൊതുദര്‍ശനത്തിന് വച്ച ശേഷം മൃതദേഹം രാത്രിയോടെ കോട്ടയം മുട്ടുചിറയിലെ വസതിയിലെത്തിച്ചു. നാളെ രണ്ട് മണിക്കാണ് സംസ്‌കാരം.