കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ (23) മൃതദേഹം സംസ്‌കരിച്ചു.
കോട്ടയത്തെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാഷ്ട്രീയ മേഖലകളിലെ പ്രമുഖരടക്കം ആയിരക്കണക്കിനാളുകളാണ് എത്തിയത്.
കോട്ടയം കടുത്തുരുത്തി കുറ്റിച്ചിറ നമ്ബിച്ചിറകാലയില്‍ വീട്ടില്‍ കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.
ഇന്നലെ രാവിലെയാണ് വന്ദനാ ദാസ് കൊല്ലപ്പെട്ടത്.അസീസിയ മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ വന്ദനാ ദാസ് ഹൗസ് സര്‍ജന്‍സിക്കാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മുറിവ് വച്ചുകെട്ടാന്‍ പൊലീസ് എത്തിച്ച മദ്യപാനി, ഡ്രസിംഗ് കത്രിക കൈയ്ക്കലാക്കി കുത്തിക്കൊല്ലുകയായിരുന്നു. കുടവട്ടൂര്‍ മാരൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ സന്ദീപ് (42) ആണ് അരുംകൊല നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
നെടുമ്ബന യു.പി സ്കൂളിലെ അദ്ധ്യാപകനായിരുന്ന സന്ദീപ്, ഇന്നലെ പുലര്‍ച്ചെ മൂന്നോടെ കൊല്ലം റൂറല്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് താന്‍ അപകടത്തില്‍പ്പെട്ടുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തുമ്ബോള്‍ സന്ദീപ് വടിയുമായി അയല്‍വീടിന്റെ പരിസരത്തുണ്ടായിരുന്നു. കാലിലെ മുറിവില്‍ മരുന്ന് വയ്ക്കാന്‍ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. ബന്ധുവായ രാജേന്ദ്രന്‍പിള്ള, പൊതുപ്രവര്‍ത്തകനായ ബിനു എന്നിവരെയും കൂട്ടി പൊലീസ് സന്ദീപിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് ഇയാള്‍ അക്രമാസക്തനായത്.