പാലക്കാട്: പനിയുമായി ചെന്ന എന്റെ ഭര്‍ത്താവിനെ തെര്‍മോമീറ്റര്‍ ഉപയോഗിക്കാതെ തൊട്ടുനോക്കിയാണ് മരുന്നു കുറിച്ചതെന്ന് കെ.ശാന്തകുമാരി എംഎല്‍എ.
‘നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്ന്’താന്‍ പറഞ്ഞിട്ടില്ല. ഡോക്ടര്‍ ഭര്‍ത്താവിനെ തൊട്ടുനോക്കി മരുന്നു കുറിച്ചപ്പോള്‍, തെര്‍മോമീറ്റര്‍ ഉപയോഗിക്കാത്തതാണ് ചോദ്യം ചെയ്തതെന്നും എംഎല്‍എ വിശദീകരിച്ചു. ആശുപത്രിയില്‍നിന്ന് രോഗിക്ക് കിട്ടേണ്ട പരിഗണന ലഭിച്ചില്ലെന്നും ശാന്തകുമാരി കുറ്റപ്പെടുത്തി.
‘നിങ്ങളുടെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ കിട്ടുന്നതെന്ന്’ എംഎല്‍എ പറഞ്ഞതായാണ് ഡോക്ടര്‍മാരുടെ ആരോപണം. പനിയെത്തുടര്‍ന്ന് ഭര്‍ത്താവിനെ ഡോക്ടറെ കാണിക്കാനാണ് ഇന്നലെ രാത്രി എട്ടോടെ എംഎല്‍എ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയത്. വേണ്ട രീതിയില്‍ പരിശോധനയും പരിഗണനയും കിട്ടിയില്ലെന്നാരോപിച്ചായിരുന്നു തര്‍ക്കം. ഇതിനിടെ എംഎല്‍എയുടെ ഭാഗത്തു നിന്ന് പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പരാമര്‍ശം ഉണ്ടായെന്നാണ് പരാതി.
”ഇങ്ങനെ നോക്കിയാല്‍ ഞങ്ങള്‍ക്ക് അറിയാം എന്നു പറഞ്ഞ് അവര്‍ മരുന്ന് എഴുതിത്തന്നു. അങ്ങനെയല്ലല്ലോ വേണ്ടത് എന്ന് ഞാന്‍ പറഞ്ഞു. കാഷ്വാല്‍റ്റിയില്‍ വരുന്ന രോഗികളോട് കുറച്ചുകൂടി മര്യാദയ്ക്ക് പെരുമാറേണ്ടേ? എന്തെങ്കിലും ചെയ്യേണ്ടേ എന്നു ചോദിച്ചു. ഇത്രയും പറഞ്ഞുകഴിഞ്ഞാണ് ഒരാള്‍ ഓപ്പറേഷന്‍ തിയറ്ററിന്റെ അവിടെപ്പോയി ഒരു തെര്‍മോമീറ്റര്‍ എടുത്തുകൊണ്ടുവന്ന് പരിശോധിച്ചത്.
ആ ഡോക്ടര്‍ എന്നോട് പറഞ്ഞത് എന്താണെന്നു വച്ചാല്‍, നിങ്ങള്‍ എംഎല്‍എയൊക്കെ ആയിരിക്കും. ഇവിടെ മറ്റു രോഗികളും ഉള്ളത് കണ്ടില്ലേ എന്നു ചോദിച്ചാല്‍ അതിനര്‍ഥം എന്താണ്? എംഎല്‍എ ആയതുകൊണ്ട് എനിക്ക് പ്രത്യേക പരിഗണന കിട്ടണം എന്നല്ല പറയുന്നത്. എനിക്കു കിട്ടാനല്ല ഞാന്‍ പോയത്. എന്റെ ഭര്‍ത്താവിനൊപ്പമാണ് പോയത്. ഞങ്ങള്‍ സാധാരണക്കാര്‍ പിന്നെ എവിടെയാണ് പോകുക? എന്നും ശാന്തകുമാരി ചോദിച്ചു.