തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ കിടപ്പുരോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയിലുള്ള ബാലരാമപുരം സ്വദേശി സുധീര്‍ ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്യപ്പെട്ടതോടെ ഇയാള്‍ പൊട്ടിക്കരഞ്ഞു.
റസിഡന്റ് ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ചികിത്സ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഡോക്ടര്‍മാരെ സുധീര്‍ ഷര്‍ട്ടില്‍ പിടിച്ച് തള്ളിയെന്നാണ് പരാതി.
അതിനിടെ, കടുത്തശിക്ഷകള്‍ ഉള്‍പ്പെടുത്തി ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനൻസ് പുറത്തുവന്നു. ഇതുപ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ ‘വാക്കാലുള്ള അപമാനവും’ മൂന്നുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഓര്‍ഡിനൻസ് പുറത്തിറക്കിയ ഘട്ടത്തില്‍ മന്ത്രി നല്‍കിയ വിശദീകരണത്തിലോ മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ വാര്‍ത്താകുറിപ്പിലോ ഇക്കാര്യം പരാമര്‍ശിച്ചിരുന്നില്ല. കഴിഞ്ഞദിവസം ഗവര്‍ണര്‍ ഒപ്പുവെച്ചശേഷം ഓര്‍ഡിനൻസ് പുറത്തിറങ്ങിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.