തിരൂര്‍: കോഴിക്കോട്ടെ ഹോട്ടല്‍ വ്യാപാരി, തിരൂര്‍ ഏഴൂര്‍ സ്വദേശി മേച്ചേരി വീട്ടില്‍ സിദ്ദീഖില്‍നിന്ന് പ്രതികള്‍ ആവശ്യപ്പെട്ടത് അഞ്ചുലക്ഷം രൂപ.
പൊലീസ് ചോദ്യംചെയ്യലിലാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. ഹണിട്രാപ്പില്‍ കുരുക്കി സിദ്ദീഖിനെ നഗ്നനാക്കി ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി.
മുഖ്യ പ്രതിയായ ഷിബിലി അഞ്ചുലക്ഷം രൂപയാണ് സിദ്ദീഖില്‍നിന്ന് ആവശ്യപ്പെട്ടത്. നഗ്നനാക്കി ഫോട്ടോ എടുക്കാനുള്ള ശ്രമം എതിര്‍ത്ത സിദ്ദീഖിനെ കൈയില്‍ കരുതിയിരുന്ന കത്തി കഴുത്തില്‍ വെച്ച് ഷിബിലി പണം ആവശ്യപ്പെടുകയായിരുന്നു. ഭീഷണിയിലൂടെ ഭയപ്പെടുത്താൻ കത്തികൊണ്ട് സിദ്ദീഖിന്റെ കഴുത്തില്‍ വരച്ച് മുറിവുണ്ടാക്കി. എന്നാല്‍, വഴങ്ങാതെ വന്നതോടെ സിദ്ദീഖും പ്രതികളും തമ്മില്‍ ബലപ്രയോഗമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഫര്‍ഹാന എടുത്തുകൊടുത്ത ചുറ്റികകൊണ്ട് ഷിബിലി, സിദ്ദീഖിന്റെ തലക്കടിക്കുകയും ആഷിഖ് നെഞ്ചില്‍ ആഞ്ഞ് ചവിട്ടുകയും ചെയ്തത്. ഇതാണ് സിദ്ദീഖിന്റെ മരണത്തിലേക്ക് നയിച്ചത്.
ഹണിട്രാപ്പിന് വഴങ്ങുകയാണെങ്കില്‍ ബ്ലാക്ക് മെയിലിലൂടെ സിദ്ദീഖില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് ആഡംബര ജീവിതം നയിക്കാനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ റിമാൻഡിലായ പ്രതികളെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് കോഴിക്കോട്ട് കൃത്യം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കുമെന്ന് സൂചനയുണ്ട്.
ഹോട്ടലുകളിലും പ്രതികള്‍ സഞ്ചരിച്ച ഭാഗങ്ങളിലും തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.