കൊച്ചി: അരിക്കൊമ്ബനെ പിടികൂടിയാലും കൂട്ടിലടയ്‌ക്കരുതെന്നു തമിഴ്‌നാട് വനംവകുപ്പിനു നിയമോപദേശം. ഇതേത്തുടര്‍ന്ന് ആനയെ പിടികൂടി കൂട്ടിലടയ്‌ക്കേണ്ടെന്നും ഉള്‍ക്കാട്ടിലേക്കു സ്‌ഥലം മാറ്റിയാല്‍ മതിയെന്നും തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
അരിക്കൊമ്ബനെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നു സുപ്രീംകോടതി നിര്‍ദേശമുള്ളതിനാലാണു കൂട്ടിലിടുന്നതു തടഞ്ഞത്.
അരിക്കൊമ്ബനെ തമിഴ്‌നാട് സര്‍ക്കാര്‍ മയക്കുവെടിവച്ചു പിടികൂടിയാലും കൂട്ടിലാക്കാനാകുമോ എന്ന കാര്യത്തില്‍ നിയമവിദഗ്‌ധര്‍ക്കിടയില്‍ വ്യത്യസ്‌ത അഭിപ്രായം ഉയര്‍ന്നിരുന്നു.
സുപ്രീംകോടതി അംഗീകരിച്ച കേരള ഹൈക്കോടതി വിധി ആനയെ കൂട്ടിലാക്കുന്നതിനു തമിഴ്‌നാടിനു തടസമാകുമെന്നാണ് ഒരുവിഭാഗം നിയമവിദഗ്‌ധര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, കേരള ഹൈക്കോടതിലെത്തിയ കേസില്‍ തമിഴ്‌നാട് കക്ഷിയായിരുന്നില്ല. അതിനാല്‍ ഹൈക്കോടതി വിധി തമിഴ്‌നാടിനു ബാധകമല്ലെന്നും മറ്റൊരു വിഭാഗം വാദിച്ചു. തുടര്‍ന്നാണു തമിഴ്‌നാട് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
വിധിയുടെ വിശദാംശങ്ങള്‍ കേരള വനംവകുപ്പ്, തമിഴ്‌നാട് വനംവകുപ്പിനെ അറിയിച്ചിരുന്നു.അരിക്കൊമ്ബനെ കൂട്ടിലാക്കരുതെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ സംസ്‌ഥാന സര്‍ക്കാരായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ വിദഗ്‌ധ സമിതിയുടെ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീംകോടതി തയാറായില്ല. അതിനാല്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ് തമിഴ്‌നാടിനും ബാധകമാണെന്നാണു നിയമോപദേശം ലഭിച്ചത്.