തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനുളള നടപടി തുടങ്ങി കസ്റ്റംസ്. സന്ദീപ് നായര്‍, സ്വപ്ന സുരേഷ് തുടങ്ങി നാല്‍പതോളം പ്രതികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് പിടികൂടിയിട്ട് ജൂലൈ അഞ്ചിന് ഒരു വര്‍ഷം തികയും.
അതിനെ മുന്നോടിയായി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് കസ്റ്റംസ് നീക്കം തുടങ്ങിയിരിക്കുന്നത്. ജൂണ്‍ 16 നാണ് പ്രതികളടക്കം നാല്‍പതോളം പേര്‍ക്ക് ഷോകോസ് നോട്ടിസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. നോട്ടിസ് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ പ്രതികള്‍ വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ സ്വര്‍ണം കസ്റ്റംസ് കണ്ടുകെട്ടും.
കസ്റ്റംസ് കമ്മീഷണര്‍ക്കാണ് പ്രതികള്‍ മറുപടി നല്‍കേണ്ടത്. സ്വപ്ന സുരേഷ്, എം ശിവശങ്കര്‍, സന്ദീപ് നായര്‍ തുടങ്ങിയ പ്രതികള്‍ക്കാണ് ആദ്യം ഷോകോസ് നോട്ടിസ് നല്‍കുന്നത്. നോട്ടിസ് മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തുക.
ഷോക്കോസ് നോട്ടിസിന് മറുപടി ലഭിച്ചാലുടന്‍ കസ്റ്റംസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന യുഎഇ കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും നോട്ടിസ് നല്‍കാന്‍ വിദേശകാര്യമന്ത്രാലയം ഇന്നലെ അനുമതി നല്‍കിയിരുന്നു.
തിരുവനന്തപുരംഃ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കള്ളക്കടത്തു നടത്തിയ തുരുവനന്തപുരത്തെ യഎഇ കോണ്‍സുലേറ്റിലെ രണ്ട് മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടികളുമായി കസ്റ്റംസ്. മുന്‍ കോണ്‍സുല്‍ ജനറല്‍ ജമാല്‍ഡ അല്‍സാബി, മുന്‍ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മി എന്നിവരെ പ്രതി ചേര്‍ത്ത് അന്വേഷണം തുടരാന്‍ കസ്റ്റംസിനു കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി.
പ്രതിയാക്കാനാകുമെങ്കിലും പ്രതികളുടെ മൊഴിയെടുക്കാനാവില്ലെന്ന് കസ്റ്റംസ് പറയുന്നു. രാജ്യം വിട്ടു പോയ പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിന് യുഎഇ സര്‍ക്കാരിന്റെ അനുമതി വേണം. അതിനു നയതന്ത്ര തടസങ്ങളുള്ള സാഹചര്യത്തില്‍ ഇരുവര്‍ഡക്കും നോട്ടീസ് അയച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് കസ്റ്റംസ് ആലോചിക്കുന്നത്.
മതിയായ നികുതി അടയ്ക്കാതെ മുപ്പത് കിലോഗ്രാം സ്വര്‍ണം വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവരാന്‍ പ്രതികളെ സഹായിച്ചു എന്നാണ് കോണ്‍സുലേറ്റ് ഉന്നതര്‍ക്കെതിരേയുള്ള ആരോപണം.
അതിനു പിഴ ഒടുക്കാന്‍ തയാറാണോ, കള്ളക്കടത്തു മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തിനു പരിഹാരം ഉണ്ടാക്കുമോ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാവും നോട്ടീസ്. നോട്ടീസ് അയച്ച ശേഷവും പ്രതികള്‍ ഹാജരാകുന്നില്ലെങ്കില്‍ എന്തു നടപടി എന്ന ചോദ്യത്തിന് അന്താരാഷ്ട്ര നിയമങ്ങള്‍ക്കടിസ്ഥാനമായ നിയമനടപടി എന്നായിരുന്നു കസ്റ്റംസിന്റെ മറുപടി.