ന്യൂഡല്‍ഹി: കെ.പി.സി.സി അധ്യക്ഷനെ തീരുമാനിക്കാനാകാതെ കുഴങ്ങി കോണ്‍ഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത് ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് പുറത്താണ് എന്നുളളതിനാല്‍ കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളിലെ അതൃപ്ത സ്വരങ്ങളെ ഹൈക്കമാന്‍ഡിന് പരിഗണിക്കാതിരിക്കാനാകില്ല എന്നതാണ് തീരുമാനം വൈകുന്നതിനുളള പ്രധാന കാരണം.
കെ സുധാകരനേയും കൊടിക്കുന്നില്‍ സുരേഷിനേയുമാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. എന്നാല്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ കാരണം തീരുമാനം എങ്ങുമെത്തിയിട്ടില്ല. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം ചര്‍ച്ചകള്‍ക്കായി താരിഖ് അന്‍വര്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. താരിഖ് അന്‍വറിനോട് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.
എല്ലാ മുതിര്‍ന്ന നേതാക്കളോടും കൂടിയാലോചന നടത്തി സമവായമുണ്ടാക്കാനാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ധൃതിപ്പെട്ട് തീരുമാനം ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.