കോഴിക്കോട്: വിവാദമായ കോഴികൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിയെ വെട്ടിലാക്കികൂടുതല്‍ തെളിവുകള്‍ പുറത്ത്. കുഴല്‍പ്പണ ഉടമ ധര്‍മ്മരാജന്‍ കവര്‍ച്ചയ്ക്ക് ശേഷം ആദ്യം വിളിച്ചത് ഏഴ് ബി.ജെ.പി നേതാക്കളെയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഈ ഏഴു കോളുകളില്‍ കെ സുരേന്ദ്രന്റെ മകന്റെ പേരിലുള്ള ഫോണ്‍ നമ്പറും ഉള്‍പ്പെടുന്നു. 30 സെക്കന്റ് മാത്രമാണ് ഫോണ്‍ കോളുകള്‍ നീണ്ടു നിന്നത്. കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് വന്ന കോള്‍ 24 സെക്കന്റ് നീണ്ടു നിന്നു.
ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ 4. 40 നാണ് കവര്‍ച്ച നടന്നത്. ഇതിനു തൊട്ടുപിന്നാലെ ധര്‍മ്മരാജന്റെ ഫോണില്‍ നിന്ന് ഏഴ് ഫോണ്‍ കോളുകളാണ്.ഇതില്‍ ആറ് കോളുകളും സംസ്ഥാന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളിലേക്കാണ് പോയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. എന്തിനാണ് ഈ നമ്പറുകളിലേക്ക് വിളിച്ചതെന്നതില്‍ അന്വേഷണം നടക്കും.
ഇതിനിടെ കേരളത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് എങ്ങനെയെന്ന് കണ്ടെത്താന്‍ മൂന്നംഗ സമിതിയെ ബി.ജെ.പി കേന്ദ്ര നേതൃത്വം നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെതുടര്‍ന്നാണ് സമിതി രൂപീകരിച്ചത്.
ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സി.വി ആനന്ദ ബോസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. കള്ളപ്പണക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.