റിയാദ്: സൗദിയില്‍ ജോലി ചെയ്തിരുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. നാട്ടിലേക്ക് വന്ന ശേഷം കൊറോണ കാരണം തിരിച്ചുപോകാന്‍ സാധിക്കാതെ വരികയും വിസാ കാലാവധി കഴിയുകയും ചെയ്തവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചു.
ഇവരുടെ ഇഖാമ, എന്‍ട്രി വിസ, സന്ദര്‍ശന വിസ എന്നിവയെല്ലാം സൗജന്യമായി പുതുക്കി നല്‍കും. ജൂലൈ 31 വരെ കാലാവധി നീട്ടിയെന്ന് സൗദി പാസ് പോര്‍ട്ട് വിഭാഗം അറിയിച്ചു.
ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതില്‍ വിലക്കുണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഈ വിലക്ക് പ്രഖ്യാപിച്ചത്. സൗദിയില്‍ നിന്ന് അവധിക്കും മറ്റുമായി നാട്ടിലെത്തിയവര്‍ക്ക് ഈ സാഹചര്യത്തില്‍ തിരിച്ചുപോകാന്‍ സാധിക്കാതെ വന്നു.
പലരുടെയും വിസാ കാലാവധി തീര്‍ന്നു. പലരും കാലാവധി തീരുമെന്ന ആശങ്കയിലാണ്. അതിനിടെയാണ് സൗദി രാജാവ് സല്‍മാന്റെ പ്രത്യേക നിര്‍ദേശ പ്രകാരം വിസാ, ഇഖാമ കാലാവധി സൗജന്യമായി പുതുക്കുന്നത്.
രേഖകള്‍ പുതുക്കുന്നതിന് ആവശ്യമായ ചെലവുകള്‍ ധനമന്ത്രാലയം വഹിക്കും. പുതുക്കല്‍ സ്വമേധയാ പൂര്‍ത്തിയാക്കുമെന്നാണ് അറിയിപ്പ്. യാത്രാ വിലക്ക് നീങ്ങിയാല്‍ സൗദിയിലേക്ക് പോകാന്‍ കാത്തിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ ഇന്ത്യയിലുണ്ട്.
വിലക്ക് നീങ്ങിയാല്‍ നാട്ടിലേക്ക് സമാധാനത്തോടെ വരാന്‍ കാത്തിരിക്കുന്നവരും കുറവല്ല. ജോലി നഷ്ടമാകുമെന്ന ആശങ്കയും ഇവര്‍ക്ക് ഒഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളിലും അനുകൂല സമീപനം വൈകാതെ സൗദി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.