തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം നാളെ. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് സ്ഥിതിഗതികളും, വിവിധ അഭിപ്രായങ്ങളും വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നത് നാളത്തേക്ക് മാറ്റിയത്.
ഇന്ന് തന്നെ തീരുമാനമെടുക്കാനായിരുന്നു നീക്കമെങ്കിലും ലോക്ക്ഡൗണില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ കുറച്ചുകൂടി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം കൊക്കൊള്ളുക.
രോഗവ്യാപനം പത്ത് ശതമാനത്തിലേക്ക് എത്താത്തതുകൊണ്ട് തന്നെ ഇളവുകള്‍ നല്‍കുന്നത് തിരിച്ചടിയാകുമെന്ന വാദവും യോഗത്തില്‍ ഉയര്‍ന്നുകേട്ടു.
അതേസമയം ലോക്ഡൗണില്‍ കൂടുതല്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് കൈമാറി. കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ…
ബഹു. മുഖ്യമന്ത്രി,
മേയ് മാസം 8-ാം തീയതി മുതല്‍ നമ്മുടെ സംസ്ഥാനത്ത് തുടരുന്ന ലോക്ഡൗണ്‍ ഇന്ന് 38 ദിവസമാകുകയാണ്. ലോക് ഡൗണ്‍ മൂലമുള്ള നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
സാധാരണക്കാരുടെ ജീവിതം വളരെയേറെ പ്രയാസത്തിലാണ്. കൂലിവേല ചെയത് ജീവിക്കുന്നവര്‍ , ദിവസവേതനക്കാര്‍, കര്‍ഷകര്‍, വ്യാപാരികള്‍, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, മോട്ടോര്‍ തൊഴിലാളികള്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, തീരമേഖലകളില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവര്‍, കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാര്‍, വീട്ടുജോലിക്കാര്‍, ചെറുകിട സംരംഭകരും അതിലെ തൊഴിലാളികളും എന്ന്തുടങ്ങി നാനതുറയിലും പെട്ടവരുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. നിരവധി ആളുകളുടെ തൊഴിലും നഷ്ടപ്പെട്ടു.
തുടര്‍ന്നും ലോക്ഡൗണ്‍ തുടര്‍ന്നാല്‍ അത് ജന ജീവിതത്തെ ഇനിയും സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ തുടരുന്നതിനോടൊപ്പം കൂടുതല്‍ ഇളവുകള്‍ നല്‍കി ജനജീവിതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വി.ഡി സതീശന്‍