തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും കൂടി ചേര്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചില വിദേശ രാജ്യങ്ങള്‍ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതെന്നും മന്ത്രി അറിയിച്ചു.
ഇതിനായുള്ള ഇ ഹെല്‍ത്തിന്റെ പോര്‍ട്ടലില്‍ അപ്‌ഡേഷന്‍ നടത്തിവരികയാണ്. അടുത്ത ദിവസം മുതല്‍ തന്നെ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവര്‍ക്ക് അവകൂടി ചേര്‍ത്ത് പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
തീയതിയും ബാച്ച് നമ്പരും കൂടി ആവശ്യമുള്ള നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് ലഭിച്ച പഴയ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയതിയുമുള്ള കോവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്.
കോവിന്‍ പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ വാക്‌സിന്‍ എടുത്ത കേന്ദ്രത്തില്‍ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരുമുള്ള പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷിച്ചവര്‍ക്ക് തന്നെ പിന്നീട് സര്‍ട്ടിഫിക്കറ്റ് ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഇപ്പോള്‍, വാക്‌സിന്‍ എടുത്ത് വിദേശത്ത് പോകുന്നവര്‍ക്ക് ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോര്‍ട്ടലില്‍ വരുത്തിയിട്ടുണ്ട്. വാക്‌സിന്‍ നല്‍കി കഴിയുമ്പോള്‍ വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, സര്‍ട്ടിഫിക്കറ്റ് നമ്പര്‍ അടങ്ങിയ എസ്.എം.എസ് ലഭിക്കും. ഉടന്‍ തന്നെ അവര്‍ക്ക് പോര്‍ട്ടലില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കും. കൂടുതല്‍ സംശയങ്ങള്‍ക്ക് ദിശ 1056, 104 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.