ആവേശം നിറഞ്ഞ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമാ തോമസ് ചരിത്ര വിജയം സ്വന്തമാക്കി .ഭരണകക്ഷിയുടെ ഡോ. ജോ ജോസഫിനെ 25,000 ല്‍ പരം വോട്ടുകള്‍ക്കാണ് ഉമാ തോമസ് പരാജയപ്പെടുത്തിയത്.
എന്നാല്‍, തിരഞ്ഞെടുപ്പിനും വിജയാഘോഷങ്ങള്‍ക്കും ശേഷം ഇപ്പോള്‍ ചര്‍ച്ചയാവുന്നത് കോണ്‍ഗ്രസ് സൈബര്‍ ടീമിന്‍റെ ഫേസ് ബുക്ക് പോസ്റ്റാണ്. ഡോ. ജോ ജോസഫ് നല്ലൊരു മനുഷ്യനാണെന്നും രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞ് ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു വ്യക്തിയാണ് അദ്ദേഹമെന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ കോണ്‍ഗ്രസ് സൈബര്‍ ടീം വ്യക്തമാക്കുന്നു.
ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട ജോ ജോസഫിനെ പുകഴ്ത്തിയും ക്ഷമ ചോദിച്ചുമുള്ള ഈ കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയ യില്‍ ചര്‍ച്ചയായിരിയ്ക്കുകയാണ്.
ഞങ്ങളുടെ ഭാഗത്തുനിന്ന് വിഷമം ഉണ്ടാക്കിയെങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുകയാണെന്നും അതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്കാരമെന്നും കോണ്‍ഗ്രസ് സൈബര്‍ ടീം പറയുന്നു. കോണ്‍ഗ്രസ് സൈബര്‍ ടീം ഒഫീഷ്യല്‍ തുടങ്ങിയ ഗ്രൂപ്പുകളിലും ഇതേ പോസ്റ്റ് ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് സൈബര്‍ ടീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
“ഡോ. ജോ ജോസഫ് ഒരു നിഷ്കളങ്കന്‍ ആയിരുന്നിരിക്കാം… കാരണം അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നാക്ക് പിഴകള്‍ ഉണ്ടായിരുന്നു, അദ്ദേഹത്തിന്‍റെ സംസാരങ്ങളില്‍ പെരുമാറ്റങ്ങളില്‍ ഒരു തിടുക്കം, ആവലാതി നമ്മള്‍ കണ്ടിട്ടുണ്ട്.,.. താങ്കള്‍ നല്ലൊരു മനുഷ്യനാണ്… പച്ചയായ മനുഷ്യന്‍.
രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞു ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യന്‍. അപമാന ഭാരത്താല്‍ തല കുനിച്ചല്ല, തല നിവര്‍ത്തി അഭിമാനത്തോടെ ജീവിക്കുക. ഈ മണ്ണ് ജയിച്ചവന്‍റെ മാത്രമല്ല തോറ്റവന്‍റേത് കൂടിയാണ്.
നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്, നിങ്ങളെ വേദന അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുണ്ട് ഡോ. ജോ ജോസഫ്. എന്തെങ്കിലും ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു, അതാണ് ഞങ്ങളുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്കാരവും ഞങ്ങളെ പഠിപ്പിച്ചതും. ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അനുഗ്രഹിക്കട്ടെ”