പാലക്കാട്: കോടതിയില്‍ നല്കിയ രഹസ്യമൊഴി പിന്‍വലിക്കാനായി ഭീഷണിപ്പെടുത്തി നിര്‍ബന്ധിച്ചെന്ന് സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്.
പാലക്കാട് എച്ച്.ആര്.ഡി.എസിന്റെ ഓഫിസിലെത്തിയ ഷാജ് കിരണും ഇബ്രാഹിമും ഉച്ചമുതല്‍ വൈകീട്ട് ഏഴുവരെ മാനസികമായി സമ്മര്‍ദത്തിലാക്കി കോടതിയില്‍ നല്കിയ രഹസ്യമൊഴി പിന്‍വലിക്കാനാവശ്യപ്പെട്ടു. നികേഷ് കുമാര്‍ എന്ന വ്യക്തി വന്ന് കാണുമെന്നും അയാള്‍ക്ക് തന്റെ ഫോണ്‍ കൊടുക്കണമെന്നും തുടര്‍ന്ന് നല്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഷാജ് കിരണ്‍ ആവശ്യപ്പെട്ടു.
നമ്ബര്‍ വണ്‍ വലിയ ദേഷ്യത്തിലാണ്. നികേഷ് കുമാര്‍ മുഖ്യമന്ത്രിയുടെ ശബ്ദമാണ്. നികേഷിനൊപ്പം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെത്തണം. ഒത്തുതീര്‍പ്പിലെത്തിയാല്‍ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് ആരോപിച്ചു.
ശിവശങ്കറാണ് ഷാജിനെ പരിചയപ്പെടുത്തിയത്. ഷാജ് കിരണ്‍ തന്റെ നല്ല സുഹൃത്തും വിശ്വസ്തനുമായിരുന്നു. സരിത്തിനെ അടുത്തദിവസം പിടിച്ചുകൊണ്ടുപോകുമെന്ന് ബുധനാഴ്ച തൃശൂരില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ തന്നെ ഷാജ് പറഞ്ഞിരുന്നു. പറഞ്ഞതു പോലെ തന്നെ വ്യാഴാഴ്ച സരിത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. ഇതേത്തുടര്‍ന്ന് ബുധനാഴ്ച താന്‍ വിളിച്ചിട്ട് തന്നെയാണ് ഷാജ് കിരണ്‍ പാലക്കാട് വന്നത്. പക്ഷേ, തന്നെ മാനസികമായി തളര്‍ത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഷാജ് ശ്രമിച്ചതായി സ്വപ്ന കുറ്റപ്പെടുത്തി.
മാധ്യമപ്രവര്‍ത്തകര്‍ പോലും അറിയുന്നതിന് മുന്നേ വ്യാഴാഴ്ച വിജിലന്‍സാണ് സരിത്തിനെ കൊണ്ടുപോയതെന്ന് ആദ്യം അറിയിച്ചത് ഷാജാണ്. ഒരു മണിക്കൂറിനകം സരിത്തിനെ വിട്ടയക്കുമെന്ന് ഷാജ് പറഞ്ഞിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തി.
തന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ എം.ആര്. അജിത് കുമാറടക്കം രണ്ട് എ.ഡി.ജി.പിമാര്‍ 56 തവണയാണ് ഷാജ് കിരണിനെ ഫോണില്‍ വിളിച്ചത്. ഓരോ കോള്‍ വരുമ്ബോഴും ഓരോ കാര്യങ്ങള്‍ പറഞ്ഞു തന്നെ ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. പണമടക്കം നിരവധി വാഗ്ദാനങ്ങള്‍ നിരത്തി. എന്നാല്‍ വഴങ്ങിയില്ല. വ്യാഴാഴ്ച വീണ്ടും തന്റെ വക്കീലിനെ പൂട്ടുമെന്നും എച്ച്.ആര്.ഡി.എസിന് പണികൊടുക്കുമെന്നും ഷാജ് പറഞ്ഞു.
പ്രത്യേക അന്വേഷണസംഘത്തെ വെച്ചതിലടക്കം ദുരുദ്ദേശ്യമില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്താണ് നടന്നതെന്ന് വെള്ളിയാഴ്ച വ്യക്തമാക്കും. ശബ്ദരേഖ പുറത്തുവന്നാല്‍ എല്ലാം വ്യക്തമാകും. സ്വപ്ന പറഞ്ഞു.