Tuesday, June 28, 2022

HomeNewsKeralaബഫര്‍സോണ്‍: സംരക്ഷണ കവചമൊരുക്കേണ്ടവര്‍ ജനങ്ങളെ കബളിപ്പിക്കുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

ബഫര്‍സോണ്‍: സംരക്ഷണ കവചമൊരുക്കേണ്ടവര്‍ ജനങ്ങളെ കബളിപ്പിക്കുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

spot_img
spot_img

തൊടുപുഴ: അധികാരത്തിലിരിക്കുമ്പോള്‍ നിയമനിര്‍മ്മാണത്തിലൂടെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ടവര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ പ്രഹസനസമരങ്ങളിലൂടെ ജനങ്ങളെ വിഢിവേഷം കെട്ടിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും 2022 ജൂണ്‍ 3ലെ കോടതിവിധി ശ്രദ്ധാപൂര്‍വ്വം പഠിക്കാന്‍ ശ്രമിക്കാതെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് മുതലക്കണ്ണീരൊഴുക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ജൂലൈ 12ന് റിവിഷന്‍ പെറ്റീഷന്‍ കൊടുത്തതുകൊണ്ട് ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാവില്ല.

എറണാകുളത്ത് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റിയ ദുരനുഭവമായിരിക്കും സുപ്രീം കോടതി വിധിയിലൂടെ ബഫര്‍ സോണ്‍ വിഷയത്തില്‍ വരുംനാളുകളില്‍ മലയോരമേഖലയിലുണ്ടാകുന്നത്. വിധിന്യായത്തിന്റെ 10 മുതലുള്ള പേജുകളിലെ സി മുതല്‍ എഫ് വരെയുള്ള ഖണ്ഡികകളില്‍ നിന്ന് സംസ്ഥാനസര്‍ക്കാരിന് ഇടപെടലുകള്‍ നടത്താനുള്ള അവസരം സുപ്രീംകോടതി വളരെ വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 3-ാം തീയതി മുതല്‍ നിലനില്‍ക്കുന്ന ഈ വിധിയെ ശാശ്വതമായി മറികടക്കാന്‍ നിയമനിര്‍മ്മാണമാണ് വേണ്ടത്.

ജനങ്ങളുടെ ആക്ഷേപം കേട്ട് ദൂരപരിധി നിര്‍ദ്ദേശിച്ച് സെന്‍ട്രല്‍ എംപവര്‍മെന്റ് കമ്മിറ്റി മുഖേന നിര്‍ദ്ദേശങ്ങള്‍ കോടതിയിലെത്തിക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനാകണം. സുപ്രീംകോടതിക്കല്ലാതെ മറ്റൊരു കോടതിക്കും ഈ വിഷയത്തില്‍ ഇനി ഇടപെടാനുമാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിര്‍ത്തികളില്‍ വ്യക്തതയും പുനര്‍നിര്‍ണ്ണയവുമുണ്ടാകണം. മരങ്ങള്‍ നിറഞ്ഞ കൃഷിസ്ഥലമാണ് കേരളത്തിലെന്നിരിക്കെ ആകാശസര്‍വ്വേയല്ല മറിച്ച് മണ്ണിലിറങ്ങിയുള്ള ഭൂസര്‍വ്വേയാണ് ഇക്കാര്യത്തില്‍ വേണ്ടത്. ബഫര്‍സോണ്‍ വന്യസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഉള്ളിലായി നിജപ്പെടുത്തണം.

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് കെ29/2019 പ്രകാരം സംരക്ഷിത വനപ്രദേശത്തോട് ചേര്‍ന്നുകിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിതപ്രദേശങ്ങള്‍ക്കു ചുറ്റുമുള്ള 0 മുതല്‍ 1 കിലോ മീറ്റര്‍ വരെ പരിസ്ഥിതി സംവേദക മേഖലയായി തത്വത്തില്‍ നിശ്ചയിച്ചുകൊണ്ട് അംഗീകാരം നല്‍കിയത് ഇടതുപക്ഷ സര്‍ക്കാരാണ്. 2022 ഫെബ്രുവരി 6ന് പരിസ്ഥിതിലോലമേഖല നിര്‍ദ്ദേശിച്ചത് ബി.ജെ.പി.നേതൃത്വ വാജ്‌പേയ് സര്‍ക്കാരാണ്.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതികളിലൂടെ പശ്ചിമഘട്ടത്തെ ജനവിഭാഗത്തെ ഒന്നാകെ വിദേശ ശക്തികള്‍ക്ക് തീറെഴുതിക്കൊടുത്തത് കോണ്‍ഗ്രസ് നേതൃത്വ യുപിഎ സര്‍ക്കാരും. എന്നിട്ട് ഇവരെല്ലാം പശ്ചിമഘട്ടജനതയുടെ സംരക്ഷകരായി അവതരിക്കുന്ന വിരോധാഭാസം തുടരുന്നത് അവഹേളനപരമാണെന്നും കര്‍ഷകരക്ഷയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ബഫര്‍സോണ്‍ വിധിയുടെ പശ്ചാത്തലത്തില്‍ പരസ്പരമുള്ള വിഴുപ്പലക്കലുകളവസാനിപ്പിച്ച് നിയമനിര്‍മ്മാണമുള്‍പ്പെടെ അനുകൂല നടപടികള്‍ക്ക് സര്‍ക്കാരും ജനപ്രതിനിധികളും തയ്യാറാകണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

അഡ്വ.വി.സി. സെബാസ്റ്റ്യന്‍
ദേശീയ സെക്രട്ടറി ജനറല്‍

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments