കോട്ടയത്തെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തമാക്കിയ വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയും വലിയ സുരക്ഷ. ഉമ്മന്‍ ചാണ്ടിയെ ഇടതുപക്ഷം കല്ലെറിഞ്ഞ പോലെ കോണ്‍ഗ്രസ് ആരെയും കല്ലെറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വപ്നയുടെ വെളിപ്പെടുത്തലിനെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പറഞ്ഞ് രക്ഷപ്പെടാനാകില്ല. വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. എല്ലാം ദുരൂഹമാണ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മുന്‍ മാധ്യമ പ്രവര്ത്തകന് പൊലീസിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുകയായിരുന്നു.
മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെ ഇതൊന്നും നടക്കില്ലെന്നും പ്രതിപക്ഷം പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരിനും സര്‍ക്കാരുമായി ബന്ധപ്പെട്ട ആളുകള്‍ക്കും സമനില തെറ്റിയിരിക്കുകയാണ്. ഷാജ് ഇവരുടെയൊക്കെ ഇടനിലക്കാരന് ആയത് കൊണ്ടാണ് ചോദ്യം ചെയ്യാത്തത്.
മുഖ്യമന്ത്രി ഇനിയും മൗനം തുടരരുത്. അദ്ദേഹം ആരെയാണ് ഭയക്കുന്നത്. ഇത്രയും വലിയ സുരക്ഷ ഒരുക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്. ഊരി പിടിച്ച വാളുകള്‍ക്ക് ഇടയിലൂടെ നടന്നു നീങ്ങിയ പിണറായി വിജയന് ഇപ്പോള്‍ എന്താണ് ഭയം? എന്തിനാണ് ഈ വെപ്രാളമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.