സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. മാധവ വാര്യരെ അറിയാം. അദ്ദേഹം തന്റെ സുഹൃത്താണെന്നും ബിസിനസ് ബന്ധമൊന്നും ഇല്ലെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറച്ച് ദിവസങ്ങളായി പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്കാണ് നടക്കുന്നത്. സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസ് എന്ന സ്ഥാപനവും മാധവ വാര്യരും തമ്മില്‍ തര്‍ക്കങ്ങളുണ്ട്, ഇതേ തുടര്‍ന്നാണ് ആരോപണമെന്നും അദ്ദേഹം വ്യക്തമാക്കി.
എച്ച്ആര്‍ഡിഎസിന് എതിരെ മാധവ വാര്യര്‍ മുംബൈ കോടതിയില്‍ കേസ് കൊടുത്തിരുന്നു. അട്ടപ്പാടിയില്‍ വീട് വെച്ച് നല്‍കിയതിന് പണം നല്‍കാത്തത് സംബന്ധിച്ചാണ് കേസ്. 200 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത് വാര്യര്‍ ഫൗണ്ടേഷനാണ്. എന്നാല്‍ അതിന് പണം നല്‍കുന്നതിന് പകരം വണ്ടിച്ചെക്കാണ് കമ്പനി നല്‍കിയത്.
താന്‍ മന്ത്രിയായപ്പോള്‍ വാര്യര്‍ ഫൗണ്ടേഷന്റെ ഒരു പരിപാടിക്ക് പോയിരുന്നു. അവിടെവെച്ച് ഒരു ചായ കുടിച്ചതല്ലാതെ മറ്റൊരു ബന്ധവും അദ്ദേഹവുമായിട്ടില്ല. അദ്ദേഹത്തിന്റെയും തന്റെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അക്കാര്യം ബോധ്യമാകുമെന്നും ജലീല്‍ വിശദീകരിച്ചു