തിരുവനന്തപുരം: നിക്ഷേപം നടത്തുമ്പോള്‍ സ്വന്തം പേരില്‍ തുടങ്ങി ലാഭമുണ്ടാക്കുന്നതിനേക്കാള്‍ അത് പൊതുജനങ്ങള്‍ക്ക് വളരെയധികം ഗുണം നല്‍കാന്‍ കഴിയുന്ന സര്‍ക്കാര്‍ മേഖലയ്ക്ക് സമര്‍പ്പിക്കാനാണ് താലപര്യപ്പെടുന്നതെന്ന് റസൂല്‍ പൂക്കുട്ടി. അഞ്ചലിലെ ആരോഗ്യ കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ശ്രമങ്ങളെ പരാമര്‍ശിച്ച് ലോക കേരള സഭ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പുതു സാധ്യതകളിലേക്ക് യുവാക്കളെ സജ്ജമാക്കുന്നതിനു വിദ്യാഭ്യാസം, അറിവ് എന്നിവയ്‌ക്കൊപ്പം വിദഗ്ധ കഴിവുകള്‍ ഉണ്ടാകേണ്ടതും പ്രധാനമെന്നു ആസാദ് മൂപ്പന്‍ പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക പ്രവാസി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തേണ്ടത് നിലവിലെ സാഹചര്യത്തിന്റെ ആവശ്യകതയാണ്. പങ്കാളിത്ത ഇന്‍ഷുറന്‍സ് പദ്ധതി കൂടി ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ശബ്ദമില്ലാത്ത, മുഖ്യധാരയില്‍ നിന്ന് ഏറെ വിട്ടുനില്‍ക്കുന്ന പ്രവാസികളുടെ പ്രതിനിധിയായ എലിസബത്തിന്റെ വാക്കുകള്‍ ലോക കേരള സഭയില്‍ മുഴങ്ങിയത് ഇതിന്റെ ജനാധിപത്യ സ്വഭാവത്തെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെ അതിജീവിക്കാമെന്ന് നന്നായി അറിയുന്നവരാണ് മലയാളികള്‍. പ്രവാസികള്‍ക്കുള്ള നിക്ഷേപം പദ്ധതികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരണമെന്നും സ്ഥിര വരുമാനം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കണമെന്നും ജെ. കെ മേനോന്‍ പറഞ്ഞു. മലയാളികള്‍ മറ്റ് രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് നല്ല മാനവ വിഭവ ശേഷിയെയാണ്. ഇത് നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കണം.
ഏറെ കഴിവുകള്‍ ഉള്ളവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെ മിക്ക രാജ്യങ്ങളിലും മലയാളികളായ പ്രവാസികളുടെ സാന്നിധ്യമുണ്ട്. ഏത് രാജ്യത്തിരുന്നാലും കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനും നിക്ഷേപം നടത്താനും ആഗ്രഹിക്കുന്നവരാണ് മലയാളി പ്രവാസികളെന്നു ഗോകുലം ഗോപാലന്‍ പറഞ്ഞു.
മാറി വരുന്ന സര്‍ക്കാറുകള്‍ പ്രവാസികളെ അവഗണിച്ച സാഹചര്യത്തിന് വ്യത്യസ്തമായൊരു സാഹചര്യം വന്നത് ലോക കേരള സഭ നിലവില്‍ വന്നതിന് ശേഷമാണെന്ന് അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. യുദ്ധത്തില്‍ നമ്മുടെ കുട്ടികളെ ഏറ്റവും സുരക്ഷിതമായി തിരിച്ചെത്തിക്കുവാന്‍ സഹായകമായത് ലോക കേരള സഭ അംഗങ്ങളുടെ സഹകരണം കൊണ്ട് കൂടിയാണ്.
രാഷ്ട്രീയത്തിനതീതമായ വേദിയാണ് ലോക കേരള സഭയെന്ന് ഒമാനില്‍ നിന്നുള്ള രത്‌നകുമാര്‍ പറഞ്ഞു.
ഗാര്‍ഹിക തൊഴിലാളികള്‍ മുതല്‍ ലോകപ്രശസ്തരായ വ്യവസായികള്‍ പോലും ഒരുമിക്കുന്നത് ലോക കേരള സഭയുടെ പ്രത്യേകതയാണെന്ന് കുവൈത്തില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഗീത കുമാരി അഭിപ്രായപ്പെട്ടു.