തിരുവനന്തപുരം: പ്രവാസി ക്ഷേമം ഉറപ്പു വരുത്തുന്നതിനായി ത്രിതല പഞ്ചായത്തുകളില്‍ പ്രവാസികള്‍ക്കു മാത്രമായി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ വേണമെന്ന് മൂന്നാമത് ലോക കേരള സഭയില്‍ പ്രവാസികള്‍ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ പ്രവാസികള്‍ക്കായുള്ള പദ്ധതികളുടെ വിലയിരുത്തലും പ്രവാസി പുനരധിവാസം വെല്ലുവിളികളും നൂതന ആശയങ്ങളും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് ആവശ്യമുന്നയിച്ചത്. നോര്‍ക്കയുടെ സേവനങ്ങള്‍ പ്രവാസി സൗഹൃദമാകണമെന്നും ജില്ലാ തലത്തില്‍ പ്രവാസി സേവന കേന്ദ്രങ്ങള്‍ ഉണ്ടാകണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.

പ്രവാസി പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ആവശ്യമായ നൂതന പദ്ധതികള്‍ തയാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. പ്രവാസികളുടെ ക്ഷേമം സര്‍ക്കാരുകളുടെയും പൊതു സമൂഹത്തിന്റെയും ഉത്തരവാദിത്വമായി കണ്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും അഭിപ്രായപ്പെട്ടു.
ജോലിയിടങ്ങളില്‍ തന്നെ പ്രവാസികള്‍ക്കു ലഭ്യമാക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി മാറ്റണം, തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായുള്ള നടപടികള്‍ ലഘൂകരിക്കണം, പ്രവാസികള്‍ക്ക് ഉത്പാദന വിതരണ വിപണന സംഘങ്ങളില്‍ അംഗങ്ങളാകാന്‍ അവസരം ഒരുക്കണം, പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ സര്‍ക്കാര്‍ വിഹിതം 20 ശതമാനമായി വര്‍ധിപ്പിക്കണം എന്നിവയായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികളുടെ പ്രധാന ആവശ്യങ്ങള്‍.
അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അനുകൂല തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സഹകരണ വകുപ്പുമന്ത്രി വി എന്‍ വാസവന് മറുപടി നല്കി.