തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്ത് പ്രവാസികള്‍ നേരിട്ട വലിയ പ്രശ്നം ശമ്പള മോഷണം ആണെന്നും കാലാവധി കഴിഞ്ഞുള്ള ആനുകൂല്യങ്ങള്‍ പോലും നല്‍കാതെ പലരെയും പിരിച്ചു വിടുന്ന സ്ഥിതിയാണെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികള്‍. പ്രവാസികള്‍ വിദേശ രാജ്യങ്ങളില്‍ നേരിടുന്ന വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ മൂന്നാം ലോകകേരള സഭയുടെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

പലരെയും കാരണം ഒന്നും ഇല്ലാതെ പിരിച്ചുവിടുകയും ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ നോര്‍ക്ക റൂട്ട്സും അതാതു എംബസികളും ഫലപ്രദമായി ഇടപെടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
കേരളത്തിനകത്തുള്ള പ്രവാസി സംഘടനകളെ ബന്ധപ്പെടുത്തി വിദേശത്തു പോകുന്നവര്‍ക്കു ബോധവത്കരണം നല്കിയാല് പലരും ചതിക്കപ്പെടുന്നത് ഒഴിവാക്കാമെന്നും അഭിപ്രായമുയര്‍ന്നു.

സാധാരണക്കാരായ പ്രവാസികള്‍ക്ക് 5 ലക്ഷം രൂപ മെഡിക്കല്‍ ഇന്‍ഷുറന്‍സ് അനുവദിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശരിയായ സ്പോണ്‍സര്‍മാര്‍ ഇല്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ ചൂഷണം തടയാന്‍ വെല്‍ഫയര്‍ ഓഫിസ് കാര്യക്ഷമമാക്കണമെന്നും അവശ്യമെങ്കില്‍ നിയമ സഹായം നല്‍കണമെന്നും ആവശ്യമുണ്ടായി.ജോലി നഷ്ടപെടുന്ന പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ സംവിധാനം വേണം. ഇതിനായുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് എംബസികള്‍ ശരിയായി ഉപയോഗിക്കുന്നില്ലെന്നും ചര്‍ച്ചയില്‍ ആക്ഷേപം ഉയര്‍ന്നു. പ്രവാസികളുടെ ഡാറ്റബേസ് തയ്യാറാക്കണമെന്നും ഇപ്പോഴുള്ള ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം കാര്യക്ഷമമാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ എംബസി ഇല്ലാത്ത രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ലോക കേരള സഭ അംഗങ്ങളെ നിയമിക്കണമെന്നും മൃതദേഹങ്ങള്‍ കാലതാമസം കൂടാതെ നാട്ടില്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, ആര്. ബിന്ദു, ബിനോയ് വിശ്വം എം.പി ഉന്നത ഉദ്വോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.