തിരുവനന്തപുരം: ലോക കേരള സഭ ഇതര സംസ്ഥാന പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ പ്രധാന പ്രശ്‌നമായി ഉയര്‍ന്നു വന്നത് യാത്രാക്ലേശം. റോഡ് ഗതാഗതത്തിലാണ് പ്രധാന തടസ്സങ്ങളുള്ളത്. ആവശ്യത്തിന് ദീര്‍ഘദൂര സര്‍വീസുകള്‍ ലഭിക്കുന്നില്ല. സ്വിഫ്റ്റ് പോലുള്ള സര്‍വ്വീസുകള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് ദീര്‍ഘിപ്പിക്കണം. ട്രെയിന്‍ സര്‍വീസുകളുടെ ലഭ്യതക്കുറവ്, ഭീമമായ വിമാന യാത്രാ നിരക്ക് എന്നിവയും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തി. യാത്രാക്ലേശം പരിഹരിക്കാനുതകുന്ന ട്രെയിന്‍ സര്‍വ്വീസുകളുടെ പട്ടിക തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കണം. കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ നാട്ടിലെത്തിച്ച് സഹായം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇതര സംസ്ഥാനത്തു വെച്ച് മരണപ്പെടുന്നവരുടെ മൃതദേഹം നോര്‍ക്ക റൂട്‌സ് വഴി നാട്ടിലെത്തിക്കണം. അന്യസംസ്ഥാനങ്ങളില്‍ ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് സംവിധാനം വേണം.
തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്നവരില്‍ അര്‍ഹരായവരെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. പുതിയ തൊഴില്‍ കണ്ടെത്തുന്നതിന് അവസരവും പരിശീലനവും നല്‍കണം. ഒറ്റയ്ക്കു താമസിക്കുന്നവര്‍ മരണപ്പെട്ടാല്‍ സമ്പാദ്യം ബന്ധുക്കള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ നോര്‍ക്ക ഇടപെടണം. പെന്‍ഷന്‍ പദ്ധതിയിലെ ഉയര്‍ന്ന പ്രായപരിധി എടുത്തു കളയണം. കേരള പി എസ് സി യില്‍ ജോലി ലഭിക്കാന്‍ മലയാളം അറിഞ്ഞിരിക്കണമെന്ന നിബന്ധനയില്‍ പ്രവാസികളുടെ മക്കള്‍ക്ക് ഇളവു നല്‍കണമെന്നും സിവില്‍ സര്‍വ്വീസ് മാതൃകയില്‍ പരീക്ഷ ജയിച്ച് രണ്ടു വര്‍ഷത്തിനകം ഭാഷ പഠിച്ചെടുക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യമുയര്‍ന്നു.
പഞ്ചാബില്‍ നോര്‍ക്ക സാറ്റലൈറ്റ് സെന്റര്‍ സ്ഥാപിക്കാമെന്ന വാഗ്ദാനം എത്രയും വേഗം നടപ്പിലാക്കണം. ലോക കേരള സഭയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ ആറു മാസത്തിലൊരിക്കല്‍ ചേരാന്‍ സംവിധാനമൊരുക്കുകയും ആഭ്യന്തര പ്രവാസികള്‍ക്കായി മേഖലാ സമ്മേളനങ്ങള്‍ നടത്തുകയും ചെയ്യണം. കാന്‍സര്‍ വൃക്ക രോഗികള്‍ക്ക് നോര്‍ക്ക വഴി ധനസഹായം ഉറപ്പാക്കണം. ഇന്ത്യയുടെ നാല് മേഖലകളില്‍ നിന്നുമുള്ള പ്രതിനിധികളെക്കൂടി നോര്‍ക്കയില്‍ ഡയറക്ടര്‍മാരായി ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, കെ.രാധാകൃഷ്ണന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ ചര്‍ച്ച നയിച്ചു. എം. എല്‍. എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.