ആലപ്പുഴ: ജന്മനാ കൈകളില്ലാത്ത മാവേലിക്കര സ്വദേശിനി ശാരീരിക പരിമിതികള്‍ മറികടന്ന് ബിരുദ പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി. അറുന്നൂറ്റിമംഗലം അഷ്ടപദിയില്‍ എസ്.കണ്‍മണി കേരള സര്‍വകലാശാല ബിപിഎ (വോക്കല്‍) പരീക്ഷയിലാണ് ഒന്നാം റാങ്ക് നേടിയത്.
തിരുവനന്തപുരം സ്വാതി തിരുനാള്‍ ഗവ.സംഗീത കോളജ് വിദ്യാര്‍ഥിനിയായ കണ്‍മണിക്കു സംഗീതത്തില്‍ ബിരുദാനന്തര ബിരുദം നേടാനാണ് ആഗ്രഹം. ജി.ശശികുമാറും രേഖയുമാണു മാതാപിതാക്കള്‍. സ്‌കൂള്‍ പഠന കാലത്തു തന്നെ കലോത്സവ വേദികളില്‍ കണ്‍മണി കളംപിടിച്ചു. കാലു കൊണ്ടു ചിത്രം വരച്ചു സമ്മാനങ്ങള്‍ വാരിക്കൂട്ടിയ മിടുക്കി സംഗീത കച്ചേരികളും അവതരിപ്പിക്കുന്നുണ്ട്.
2019ല്‍ സര്‍ഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്‌കാരവും ലഭിച്ചു. കൈകള്‍ ഇല്ലാതെയും പരിമിതികളുള്ള കാലുകളുമായും ജനിച്ച തന്റെ ജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനം ആകണമെന്ന ലക്ഷ്യത്തോടെ തന്റെ ഓരോ പ്രവൃത്തികളുടെയും വിഡിയോ ചിത്രീകരിച്ചു യുട്യൂബില്‍ അപ്ലോഡ് ചെയ്യുന്നുണ്ട്. സഹോദരന്‍: മണികണ്ഠന്‍.