കൊച്ചി: ഡോളര്‍ക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന് നല്‍കാനാകില്ലെന്ന് കോടതി.
ഇഡിയുടെ അപേക്ഷ പരിഗണിച്ച എറണാകുളം എസിജെഎം കോടതി ഹര്‍ജി തീര്‍പ്പാക്കി. കുറ്റപത്രം സമര്‍പ്പിക്കാത്ത കേസിലെ മൊഴി ഇഡിക്ക് നല്‍കുന്നതിനെ കേസ് അന്വേഷിക്കുന്ന കസ്റ്റംസ് എതിര്‍ത്തിരുന്നു.
അന്വേഷണം തുടരുന്നതിനാല്‍ കോടതി വഴി മൊഴിപകര്‍പ്പ് നല്‍കാനാകില്ലെന്നും എന്നാല്‍ നേരിട്ട് അപേക്ഷ നല്‍കിയാല്‍ മൊഴി കൈമാറാമെന്നുമായിരുന്നു കസ്റ്റംസ് നിലപാട്. നേരത്തെ കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താനിപ്പോള്‍ പുറത്ത് പറയുന്നതെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് രഹസ്യമൊഴി ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ പല പദ്ധതികളില്‍ നിന്നുള്ള കമ്മീഷന്‍ പ്രതികളായ സ്വപ്ന സുരേഷും സരിത്തും ഡോളറാക്കി വിദേശത്തേക്ക് കടത്തി എന്നാണ് കേസ്.