പത്തനംതിട്ട: എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ചതിന് സ്വയം അഭിനന്ദിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച കുഞ്ഞാക്കുവിന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ അഭിനന്ദനം. ഇനിയെത്ര ചരിത്രം വഴിമാറാനിരിക്കുന്നു പ്രിയ കുഞ്ഞാക്കൂ എന്നു പറഞ്ഞ് മന്ത്രി ഫേസ്ബുക്കില്‍ അഭിനന്ദിച്ച് പോസ്റ്റിടുകയായിരുന്നു.
‘കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് മണ്ണമ്പുഴ പടിഞ്ഞാറ്റേതില്‍ അരിയംകുളത്ത് ഓമനക്കുട്ടന്റെയും ദീപയുടെയും മകന്‍ കുഞ്ഞാക്കു എന്ന ജിഷ്ണു എസ്.എസ്.എല്‍.സി പരീക്ഷയിലെ സ്വന്തം വിജയം റോഡരികില്‍ ഫ്‌ലക്‌സ് സ്ഥാപിച്ചാണ് ആഘോഷിച്ചത് എന്നറിഞ്ഞു. ആ കുസൃതിയുടെ മേമ്പൊടി ഇഷ്ടപ്പെട്ടു, അതുകൊണ്ടാണ് ഈ പോസ്റ്റ്’ എന്ന് മന്ത്രി കുറിച്ചു.
ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന് കുഞ്ഞാക്കുതന്നെ പറയുന്നുണ്ട്. അങ്ങനെയാകട്ടെ എന്ന് ആശംസിക്കുന്നു. ജീവിതപരീക്ഷയിലും വിജയം കുഞ്ഞാക്കുവിനെ തേടിയെത്തട്ടെ എന്നും മന്ത്രി ആശംസിക്കുന്നു.
മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് ചുവടെ;
കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് മണ്ണമ്പുഴ പടിഞ്ഞാറ്റേതില്‍ അരിയംകുളത്ത് ഓമനക്കുട്ടന്റേയും ദീപയുടെയും മകന്‍ കുഞ്ഞാക്കു എന്ന ജിഷ്ണുവിനെ കുറിച്ചുള്ള വാര്‍ത്ത കണ്ടു. സ്വന്തം വിജയം ആഘോഷിക്കാന്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം വന്ന് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കൊടുമണ്‍ അങ്ങാടിക്കല്‍ റോഡില്‍ അങ്ങാടിക്കല്‍ തെക്ക് മണക്കാട്ട് ദേവീ ക്ഷേത്രത്തിനു സമീപം റോഡരികില്‍ ഒരു ഫ്‌ലെക്‌സ് സ്ഥാപിച്ചാണ് കുഞ്ഞാക്കു സ്വന്തം വിജയം ആഘോഷിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ കുസൃതിയുടെ മേമ്പൊടി ഇഷ്ടപ്പെട്ടു, അത് കൊണ്ടാണ് ഈ പോസ്റ്റ്.
പഠനവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ സംവിധാനം എല്ലാ പിന്തുണയും നല്‍കും. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന് കുഞ്ഞാക്കു തന്നെ ഫ്‌ലെക്‌സില്‍ പറയുന്നുണ്ട്. അങ്ങിനെയാകട്ടെ എന്ന് ആശംസിക്കുന്നു. ജീവിത പരീക്ഷയിലും മികച്ച വിജയം കുഞ്ഞാക്കുവിനെ തേടിയെത്തട്ടെ…