തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹന വ്യൂഹത്തിലേക്ക് കിയ കാര്‍ണിവല്‍ കൂടി എത്തുന്നു. 33 ലക്ഷം രൂപ വിലയുള്ള കിയ കാര്‍ണിവല്‍ ലിമോസിന്‍ പ്ലസ് 7 മോഡല്‍ ആണ് പുത്തന്‍ വാഹനം.
നിലവില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്ന കറുപ്പ് നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റക്ക് പകരക്കാരനായാണ് കൂടുതല്‍ സൗകര്യങ്ങളുള്ള കറുത്ത കിയ കാര്‍ണിവല്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം.
ഈ വര്‍ഷം ജനുവരിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും വാങ്ങാന്‍ 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതില്‍ നിന്ന് 55.39 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് പുതിയ കറുത്ത ക്രിസ്റ്റ വാങ്ങിയത്. ഈ വാഹനങ്ങളില്‍ രണ്ടെണ്ണം പൈലറ്റ്, എസ്കോര്‍ട്ട് കാറുകളായും ഒന്ന് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുമാണ് ഉപയോഗിക്കുന്നത്.
ഹാരിയറിന് പകരം കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള കാര്‍ണിവല്‍ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവിയാണ് നിര്‍ദേശിച്ചത്. നേരത്തെ അനുവദിച്ചതിലെ ബാക്കി തുക കാര്‍ണിവല്‍ വാങ്ങാന്‍ തികയില്ല. അതിനാല്‍, പുതിയ കാര്‍ വാങ്ങാന്‍ 33.31 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. പുതിയ വണ്ടികള്‍ക്കായി ഇതുവരെ അനുവദിച്ചത് 88.69 ലക്ഷം രൂപയാണ്.