കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കോളേജിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചത്.
ഹോസ്റ്റല്‍ ഒഴിയാൻ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹോസ്റ്റല്‍ ഒഴിയാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി രാത്രിയിലും വിദ്യാര്‍ത്ഥികള്‍ സമരം നടത്തി. കഴിഞ്ഞദിവസം അമല്‍ജ്യോതി കോളേജിലേക്ക് എസ്‌എഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു.
രണ്ടാംവര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ ഹോസ്റ്റല്‍ വാര്‍ഡൻ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി സമരം.വിദ്യാര്‍ഥികളും സമരത്തിലേക്ക് എത്തിയതോടെ കോളേജ് അധികൃതര്‍ ചര്‍ച്ചകള്‍ തയ്യാറായിരുന്നു.
സര്‍ക്കാര്‍ ചീഫ് വിപ്പ് എൻ ജയരാജിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ച നടത്തിയത്.വിദ്യാര്‍ഥികളുടെ ആവശ്യത്തിനുമേല്‍ പൂര്‍ണമായി വഴങ്ങാൻ മാനേജ്മെന്റ് തയ്യാറായിരുന്നില്ല. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ കഴിഞ്ഞ വെള്ളിയാഴ്ച കോളേജ് ഹോസ്റ്റലില്‍ തൂങ്ങമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കോളജിനെതിരെ ആരോപണവുമായി ശ്രദ്ധയുടെ കുടുംബം രംഗത്ത് വന്നിരുന്നു.
ശ്രദ്ധയുടെ മരണത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണ ചുമതല.