തിരുവനന്തപുരം : എംജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എറണാകുളം മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി പിൻവലിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയ്ൻ കമ്മിറ്റി യുജിസിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കി.
കോളജിലെ ഒരു വിഭാഗം അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെയും നിയന്ത്രണത്തിനു കീഴിലാണ് കോളജിന്റെ ഭരണവും പരീക്ഷ നടത്തിപ്പ് ഉള്‍പ്പെടെയുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളും നടക്കുന്നതെന്നതിന്റെ തെളിവാണ് കോളജില്‍ ഈ അടുത്ത ദിവസങ്ങളില്‍ നടന്ന സംഭവങ്ങളെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
പട്ടികജാതി സംവരണം അട്ടിമറിച്ച് വനിതാ നേതാവിനു സംസ്കൃത സര്‍വകലാശാലയില്‍ പിഎച്ച്‌ഡി പ്രവേശനം നല്‍കിയ മുൻ വിസി, യുജിസി ചട്ടത്തില്‍ പട്ടിക ജാതി സംവരണം അനുവദിച്ചിട്ടില്ലെന്ന ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നതു വസ്തുതാ വിരുദ്ധമാണെന്നും യൂണിവേഴ്സിറ്റി ചട്ടത്തില്‍ പട്ടിക ജാതി ഒഴിവുകള്‍ പ്രത്യേക വിജ്ഞാപനം ചെയ്തു നികത്തണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും സമിതി വ്യക്തമാക്കി