മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ ബെര്‍ത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കൽ കുഞ്ഞിമൂസയുടെ മകൻ അലിഖാനാണ് (62) മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാനക്ക് സമീപം വാറങ്കലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം.
താഴത്തെ ബെർത്തിൽ കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് മധ്യഭാഗത്തെ ബെര്‍ത്തും അതില്‍ കിടന്നിരുന്ന ആളും വീഴുകയായിരുന്നു. ചരിഞ്ഞ് കിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തില്‍ ബെര്‍ത്ത് പതിച്ചതിനെത്തുടര്‍ന്ന് കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് കൈകാലുകള്‍ തളര്‍ന്നുപോയി. ഉടൻ തന്നെ റെയിൽവേ അധികൃതർ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്സ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും തിങ്കളാഴ്ച മരിച്ചു.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ചൊവ്വാഴ്ച വീട്ടിലെത്തിച്ചു. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. ഭാര്യ: ഷക്കീല (എറണാകുളം). മകൾ: ഷസ. സഹോദരങ്ങൾ: ഹിഷാം, അബ്ദുല്ലക്കുട്ടി, ഉമർ, ബക്കർ, ഹവ്വാ ഉമ്മ, കദീജ, മറിയു. പരേതനായ ചേകനൂർ മൗലവി സഹോദരീ ഭർത്താവാണ്.