തിരുവനന്തപുരം: എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല കേരളയുടെ ബിടെക് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 53 ശതമാനം വിദ്യാര്‍ഥികള്‍ പരീക്ഷ ബിരുദം നേടി വിജയിച്ചു. കഴിഞ്ഞ വര്‍ഷം വിജയശതമാനം 55.6 ശതമാനം ആയിരുന്നു.കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ബീമ ജിഹാനാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന സി.ജി.പി.എ (9.95) നേടി ഒന്നാമതെത്തിയത്. ബാര്‍ട്ടണ്‍ ഹില്ലിലെ എന്‍ജിനീയറിങ് കോളജിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ് വിദ്യാര്‍ഥിനി അപര്‍ണ എസ്. (9.88) ടി.കെ.എം കോളജ് ഓഫ് എന്‍ജിനീയറിങിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനിയറിങ് വിദ്യാര്‍ഥിനി അശ്വതി ഇ, (9.87) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കിയവര്‍. കെ.ടി.യുവിന് കീഴിലുള്ള ആറാമത്തെ ബി.ടെക് ബാച്ചിന്റെ ഫലപ്രഖ്യാപനമാണ് നടന്നത്. 19 ദിവസം കൊണ്ടാണ് കെ.ടി.യു ഫലപ്രഖ്യാപനം നടത്തിയത്. 36 എന്‍ജിനിയറിങ് ബ്രാഞ്ചുകളിലായി 30,923 വിദ്യാര്‍ഥികളാണ് 2020-21 അക്കാദമിക വര്‍ഷത്തില്‍ ബി.ടെക് പ്രവേശനം നേടിയത്. ഇതില്‍ 1039 വിദ്യാര്‍ഥികള്‍ (3.57 ശതമാനം) പഠനം നിര്‍ത്തിയിരുന്നു. 128 എന്‍ജിനിയറിങ് കോളജുകളിലായി പരീക്ഷയെഴുതിയ 27,000 വിദ്യാര്‍ഥികളില്‍ 14,319 വിദ്യാര്‍ഥികള്‍ വിജയിച്ചു ഇതില്‍ 14,319 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും വിജയിച്ചു.
പരീക്ഷയെഴുതിയ 10,229 പെണ്‍കുട്ടികളില്‍ 6,921 പേര്‍ വിജയിച്ചു. 16,771 ആണ്‍കുട്ടികള്‍ പരീക്ഷ എഴുതിയതുല്‍ 7,398 പേര്‍ വിജയിച്ചു. പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തില്‍, പരീക്ഷ എഴുതിയ 1,012 വിദ്യാര്‍ഥികളില്‍ 262 പേരും ലാറ്ററല്‍ എന്‍ട്രി വിഭാഗത്തില്‍, 2,487 വിദ്യാര്‍ഥികളില്‍ 1,181 പേരും ബി.ടെക് ബിരുദം നേടി. 9 ന് മുകളില്‍ സി.ജി.പി.എ ഉള്ള വിദ്യാര്‍ഥികളുടെ എണ്ണം 1117 ആണ്. സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജുകളില്‍ 71.91, ശതമാനവും, സര്‍ക്കാര്‍ എയ്ഡഡില്‍ 75.94ശതമാനവും, സര്‍ക്കാര്‍ കോസ്റ്റ് ഷെയറിങ് 59.76 ശതമാനവും, സ്വകാര്യ സ്വാശ്രയ കോളജുകളില്‍ 43.39 എന്നിങ്ങനെയാണ് വിജയ ശതമാനം. എന്‍.ബി.എ അക്രെഡിറ്റേഷന്‍ ഉള്ള 58 കോളജുകളില്‍ പരീക്ഷയെഴുതിയ 9,198 വിദ്യാര്‍ഥികളില്‍ 5,671 പേര്‍ വിജയിച്ചു. 61.65 ആണ് വിജയശതമാനം. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ 9.94 ശതമാനം കൂടുതലാണ്.
ബി.ഡിസൈന്‍, ബി.ആര്‍ക്, ബി.എച്ച്.എം.സി.ടി കോഴ്‌സുകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. ബി.ആര്‍ക് 71.28, ബി.എച്ച്.എം.സി.ടി 73.13, ബി.ഡെസ് 65.79 ശതമാനം വിജയം. ഈ വര്‍ഷം 462 വിദ്യാര്‍ഥികളാണ് ബി.ടെക് ഓണേഴ്‌സ് ബിരുദത്തിനും, 1126 വിദ്യാര്‍ഥികള്‍ ബി.ടെക് മൈനര്‍ ബിരുദത്തിന് അര്‍ഹരായി. ഓണേഴ്‌സും മൈനറും ഒരുമിച്ചു നേടിയത് 135 വിദ്യാര്‍ത്ഥികളാണ്.